
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധപരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. അതിന് കാരണമായ കാര്യങ്ങളും കോടതി പറഞ്ഞിട്ടുണ്ടാകും. താന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ഇത് അന്തിമ വിധിയില്ലെന്നും അതിന് മുകളില്‍ കോടതിയുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
താനുമായ ബന്ധപ്പെട്ട പ്രശ്‌നം എന്ന നിലയില്‍ നീതിയുടെ ഭാഗമായി കോടതി തന്നെയും കേള്‍ക്കേണ്ടതായിരുന്നു. കേള്‍ക്കാതിരിക്കാനുള്ള അവകാശവും കോടതിക്കുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്നെ കേള്‍ക്കാത്തിടത്തോളം കാലം ഹൈക്കോടതിയുടെ ഉത്തരവ് പഠിച്ച് പരിശോധിച്ച ശേഷം നിയമപരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്ന് ധാര്‍മിക പ്രശ്‌നത്തെ തുടര്‍ന്ന് രാജിവച്ചു. ഇന്ന് അത് ധാര്‍മിക പ്രശ്‌നമല്ല. പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട്് കോടതിയില്‍ സമര്‍പ്പിച്ചു. കീഴ്‌ക്കോടതി അത് സാധൂകരിക്കുന്ന തീരുമാനം എടുത്തു. കേസിന്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ല. പ്രസംഗത്തെ കുറിച്ച് അല്ല, അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞത്. ഒരു കോടതി പറഞ്ഞു ശരി. മറ്റൊരു കോടതി പറഞ്ഞു തെറ്റെന്ന അതിനുമുകളില്‍ കോടതിയുണ്ട്. നിയമപരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.