
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍(29) രാജ്യംവിട്ടതായി നിഗമനം. ഇയാളുടെ മൊബൈല്‍ഫോണിന്‍റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിങ്കപ്പൂരിലേയ്ക്ക് കടന്നതായാണ് അന്വേഷണസംഘം സംശയിയ്ക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗികമായി പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് റോഡ് മാര്‍ഗം ബെംഗളൂരുവിലേക്ക് പോയതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനായി പ്രതി സാമൂഹികമാധ്യമങ്ങളില്‍ ലൈവ് വന്നേക്കുമെന്നും സൂചനയുണ്ട്.
അന്വേഷണസംഘം പന്തീരാങ്കാവിലെ രാഹുലിന്‍റെ വീട്ടിലെത്തി ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും കസ്റ്റഡിയിലെടുത്തു. കേസില്‍ വ്യാഴാഴ്ച തന്നെ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയും രേഖപ്പെടുത്തിയേക്കും.
അതിനിടെ, പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ പോലീസിന്റെ വീഴ്ചക്കെതിരേ യൂത്ത് കോണ്‍ഗ്രസ് വ്യാഴാഴ്ച പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലേക്കാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. സംഭവത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്.എച്ച്.ഒ.യെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.