തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത്, മരിച്ചത് 49 പ്രവാസികൾ; മരണം കൂടുതലും പുക ശ്വസിച്ച്; റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കമ്പനി ഉടമകൾക്കുമെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിച്ചു, കമ്പനി ഉടമ ആടുജീവിതം സിനിമയുടെ നിർമാതാവ്, 4000 കോടി ആസ്തിയുള്ള തിരുവല്ല നിരണം സ്വദേശി കെ ജി എബ്രഹാം, അറിയേണ്ടെതെല്ലാം


തെക്കൻ നഗരമായ മംഗഫിലെ കെട്ടിടത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ദ്രുതഗതിയിൽ നടപടികളുമായി കുവൈത്ത് ഇന്ത്യൻ എംബസി. 40 ഓളം ഇന്ത്യക്കാർ ഉൾപ്പെടെ 49 പ്രവാസി തൊഴിലാളികളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ 195 കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഏഴ് നില കെട്ടിടത്തിൻ്റെ അടുക്കളയിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നിയമം ലംഘിക്കുന്ന റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കമ്പനി ഉടമകൾക്കുമെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.

“കുവൈറ്റിലെ മംഗഫ് ഏരിയയിലെ ലേബർ ഹൗസിംഗ് ഫെസിലിറ്റിയിലുണ്ടായ നിർഭാഗ്യകരവും ദാരുണവുമായ തീപിടുത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബന്ധപ്പെട്ട കുവൈറ്റ് അധികൃതരിൽ നിന്നും കമ്പനിയിൽ നിന്നും എംബസി മുഴുവൻ വിശദാംശങ്ങളും പരിശോധിച്ചുവരിക യാണ്. മരണമടഞ്ഞ കുടുംബങ്ങൾക്ക് ഞങ്ങൾ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, ”ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു.

പുലർച്ചെ 4:00 ന് ശേഷം കെട്ടിടത്തിലുണ്ടായിരുന്ന 196 പേരിൽ ഭൂരിഭാഗവും ഉറങ്ങിയപ്പോഴാണ് തീപിടിത്തമുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിലെയും അഗ്നിശമന വകുപ്പിലെയും ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കറുത്ത പുക മൂലമാണ് കൂടുതൽ മരണവും സംഭവിച്ചത്. പരിക്കേറ്റവർ നിലവിൽ കുവൈറ്റിലെ അദാൻ, ജാബർ, ഫർവാനിയ, മുബാറക് അൽ കബീർ, ജഹ്‌റ എന്നീ അഞ്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക സംഭവ സ്ഥലവും ആശുപത്രികളും സന്ദർശിച്ച് ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി തിരക്കി. ഈ സംഭവത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെ സഹായിക്കാനും സാധ്യമായ എല്ലാ പിന്തുണയും നൽകാനും എംബസി പ്രാദേശിക അധികാരികളുമായി ഏകോപനം തുടരുന്നു. കുവൈത്ത് അധികൃതരിൽ നിന്ന് എംബസിക്ക് പൂർണ സഹകരണം ലഭിക്കുന്നുണ്ട്.

കുവെെത്തിൽ മലയാളികൾ ഉൾപ്പടെ നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം അഗ്നിക്കിരയായി 49 പേർ ആണ് മരണപ്പെട്ട സംഭവത്തിൽ പ്രധാനമായും നാം കേട്ടത് മലയാളിയായ കെ.ജി.എബ്രഹാംന്റെ പേരാണ്. അദ്ദേഹത്തിന്റെ എന്‍.ബി. ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ ആരാണ് കെ.ജി. എബ്രഹാം ,എന്നതാണ് സോഷ്യൽ മീഡിയ അടക്കം തിരഞ്ഞത്. അതായതു ഇപ്പോൾ കമ്പനി ഉടമകളുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹ ത്തിൻ്റെ ഫലമാണ് ഈ ദാരുണ സംഭവമെന്ന് പറഞ്ഞ കുവൈറ്റ് സർക്കാർ കമ്പനി ഉടമ അടക്കം അറസ്റ്റ് ചെയ്യാൻ ആണ് ഉത്തരവ് ഇട്ടിരികുന്നത്.

ആരാണ് ഈ മലയാളി കെ.ജി. എബ്രഹാം എന്നതാണ് ഇവിടെ ചോദ്യമാകുന്നത് മലയാളത്തിലെ തന്നെ മുഖ്യധാര മാധ്യങ്ങൾ കുവൈറ്റിലെ ദുരന്തം വിളിച്ചു പറയുമ്പോൾ തീപിടുത്തമുണ്ടായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ മലയാളിയാണ് എന്നല്ലാതെ കെ.ജി.എബ്രഹാമിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

ആടുജീവിതം സിനിമയുടെ നിർമാതാവ്. അതുമാത്രം അല്ല കേരളത്തിൽ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത് അടക്കം രാഷ്ട്രിയ വിവാദങ്ങളുടെ കേന്ദ്രബിന്ദു ആയ വ്യവസായ പ്രമുഖനാണ് എബ്രഹാം. ഏഴായിരത്തിലധികം ജീവനക്കാരും നാലായിരം കോടി രൂപയിലധികം ആസ്തിയുമുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറാണ് കെ.ജി. എബ്രഹാം. 38 വർഷമായി കുവൈറ്റിൽ ബിസനസുകാരനായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്.

എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗൺ പ്ളാസയുടെ ചെയർമാനും തിരുവല്ലയിലെ കെ.ജി.എ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

കുവൈറ്റിൽ നിർമ്മാണ മേഖലയിൽ ചെറിയതോതിൽ തുടക്കം കുറിച്ച കെ.ജി. എബ്രഹാം മികച്ച നിർമ്മാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. 1977ലാണ് എൻ.ബി.ടി.സി ഗ്രൂപ്പിന് തുടക്കമിട്ടത്. കുവൈറ്റിലെ വൻകിട നിർമ്മാണ കമ്പനികൾ ഉൾപ്പെട്ട ഗ്രൂപ്പാണിത്. എൻജിനിയറിംഗ്, കൺസ്ട്രക്ഷൻ, ഫാബ്രിക്കേഷൻ, യന്ത്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. എണ്ണ, പെട്രോകെമിക്കൽ മേഖലകളിലുൾപ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.

സിവിൽ എൻജിനിയറിംഗിൽ ഡിപ്‌ളോമ നേടി 22ാം വയസിൽ കുവൈറ്റിലെത്തി. ബദ്ധ ആൻഡ് മുസൈരി എന്ന സ്ഥാപനത്തിൽ 60 ദിനാർ ശമ്പളത്തിലായിരുന്നു തുടക്കം. ഏഴുവർഷം ജോലി ചെയ്തശേഷം സ്വന്തം സ്ഥാപനം ആരംഭിച്ചു. ചെറുകിട നിർമ്മാണങ്ങൾ ഏറ്റെടുത്ത് വിജകരമായി പൂർത്തിയാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗ്രൂപ്പ് അതിവേഗം വളർന്നു. ഹൈവേ സെന്റർ എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാമാണ് മാനേജിംഗ് ഡയറക്ടര്‍. കുവൈത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ആണ് എന്‍ബിടിസി.

വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിളയുടെ മക്കൾ ഉൾപ്പെട്ട രാജകുമാരി ഭൂമിയിടപാട് പുറത്തുകൊണ്ട് വന്നത് ഇദ്ദേഹമാണ്. ഇടുക്കി രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി ഏഴുകോടി രൂപയ്ക്ക് എബ്രഹാമിന് വില്‍ക്കാന്‍ കുരുവിളയുടെ മക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും തിരിച്ചറിഞ്ഞതോടെ എബ്രഹാം ഇടപാടിൽ നിന്ന് പിന്മാറി. മുടക്കിയ ഏഴുകോടി തിരികെ കിട്ടിയില്ല. ഇക്കാര്യം എബ്രഹാം ഉന്നയിച്ചതോടെ അന്വേഷണത്തിന് ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയെ സർക്കാർ നിയോഗിച്ചു. ഇതിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നത്.

പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരി​ലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകില്ല എന്നുമുള്ള കെ.ജി.എബ്രഹാമിന്റെ പ്രസ്താവന വിവാദമായിരുന്നു. അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് എബ്രഹാം പ്രസ്താവന നടത്തിയത്. സർക്കാരിന് അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്ക പ്പെട്ടു എന്നും എബ്രഹാം അന്ന് തുറന്നടിച്ചു. കൊച്ചി മരടില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ ക്രൗൺ പ്ലാസ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ബ്ലസിയുടെ സംവിധാനത്തിൽ 16 വർഷമെടുത്ത് പൂർത്തിയാക്കിയ ആടുജീവിതം സിനിമയുടെ നിർമാതാവെന്ന നിലയിലും കെ.ജി.എബ്രഹാം മലയാളികൾക്ക് സുപരിചിതനാണ്.എൻബിടിസി ഗ്രൂപ്പിൻ്റെ ഉടമകളിലൊരാൾ കൂടിയായ അദ്ദേഹം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയ‍ർമാൻ കൂടിയാണ്. കേരളത്തിൽ വേറെയും ബിസിനസ് നിക്ഷേപങ്ങൾ അദ്ദേഹത്തിനുണ്ട്.

കെജിഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെജി എബ്രഹാം 1977 മുതൽ കുവൈറ്റ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കെജിഎ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ​ഗ്രൂപ്പിന് കുവൈത്തിലും മിഡിൽ ഈസ്റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്റ്റേറ്റ്, മാ‍ർക്കറ്റിം​ഗ്, ഓയിൽ തുടങ്ങി പല മേഖലകളിലായി നിരവധി വ്യവസായങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇതോടൊപ്പം നിരവധി സ്റ്റാ‍ർട്ടപ്പ് കമ്പനികളിലും കെജിഎ ​ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിരുന്നു.

അതേസമയം ലേബ‍ർ ക്യാംപിലെ തീപിടുത്തതിൽ അതികർശനമായ നടപടികളി ലേക്ക് കുവൈത്ത് ഭരണകൂടം കടന്നുവെന്നാണ് വിവരം. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് സ്ഥലം സന്ദർശിക്കുകയും കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായ‍ും അൽ ജസീറ റിപ്പോ‍‍ർട്ട് ചെയ്തു. റിയൽ എസ്റ്റേറ്റ് ഉടമകളുടെ അത്യാഗ്രഹമാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന ഷെയ്ഖ് ഫഹദ് പറഞ്ഞു. കുവൈത്തിലെ എല്ലാ അനധികൃത‍ നിർമ്മാണങ്ങളും ഉടൻ പൊളിച്ചു കളയാനാണ് ഭരണാധികാരി കളുടെ നിർദേശം.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങി പാര്‍ക്കുന്ന കെട്ടിടങ്ങളുടെ ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവൈറ്റ് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.


Read Previous

നെടുമ്പാശേരിയില്‍ ഇനിമുതല്‍ ബാഗേജ് സ്വയം ചെക്ക്- ഇന്‍ ചെയ്യാം; സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം, ആഭ്യന്തര മേഖലയിലെ 95% യാത്രക്കാർക്കും ഇപ്പോൾ കൊച്ചി എയർപോർട്ടിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Read Next

ലോക കേരളസഭ നിര്‍ത്തിവെച്ച് ആ തുക പ്രവാസികള്‍ക്ക് സഹായ ധനമായി പ്രഖ്യാപിക്കണം: കെ സുരേന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »