ദേശീയ പാത ഇടിഞ്ഞതില്‍ നടപടി; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു വിലക്ക്, വീഴ്ച അന്യേഷിക്കാന്‍ കേന്ദ്രം മൂന്നംഗ സംഘത്തെ നിയോഗിച്ചു


ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ (NATIONAL HIGHWAY66) നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഡീബാര്‍ ചെയ്യപ്പെട്ട കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ദേശീയ പാതാ അതോറിറ്റിയുടെ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. കണ്‍സള്‍ട്ടന്റ് ആയ എച്ച്ഇസിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക. പ്രൊജക്ട് മാനേജരായ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്.

ഐഐടിയിലെ മുന്‍ പ്രൊഫസര്‍ ജിവി റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണത്തിലെ അപാകം പരിശോധിക്കും. ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ തോമസ് എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. ഇവര്‍ മന്ത്രാലയത്തിന് വിശദ റിപ്പോര്‍ട്ട് നല്‍കും.

കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലായാണ് വിള്ളല്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും വിള്ളല്‍ കണ്ടെത്തി. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാല ത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടും ദേശീയപാതയില്‍ മാവുങ്കാലില്‍ റോഡിന്റെ മധ്യത്തിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.

ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഇന്നലെ അറിയിച്ചു. ഐഐടി വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി പരിശോധിക്കു മെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

അതിനിടെ സംസ്ഥാനത്തെ ദേശീപാത നിര്‍മാണത്തിലെ വീഴ്ച അന്യേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം. ഐ.ഐ.ടി പ്രൊഫസര്‍ കെ. ആര്‍ റാവുവിന്റെ നേത്രത്വത്തിലുള്ള മൂന്നംഗ സമിതി അന്യേഷിക്കും. കഴിഞ്ഞ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളര്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി യെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നിര്‍മാണ കരാറുകാര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മെയ് 19ന് മലപ്പുറം കൂരിയാട് ദേശീയ പാതയുടെ സര്‍വീസ് റോഡ് തകര്‍ന്ന രണ്ട് കാറുകള്‍ അപകടത്തി ല്‍ പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ദേശീയപാതയില്‍ വിള്ളലുകളും മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്തു. അശാസ്ത്രീയ നിര്‍മാണ രീതി ആരോപി ച്ച് ജനങ്ങള്‍ പ്രതിഷേധം നടത്തുകയും നാഷണല്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു.


Read Previous

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

Read Next

മാസ് റിയാദിന് പുതിയ നേതൃത്വം: യതി മുഹമ്മദ് പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »