
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയ നടി അരുന്ധതി നായർക്ക് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് അവർ. സ്കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതി ഇപ്പോൾ വെന്റിലേറ്ററിലാണ്.
അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.
‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.
അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ് പ്രവർത്തിക്കുന്നത്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം.