ആരെയാ കണ്ടു കൂടാത്തത്?, എഡിജിപി ഒരാളെ കാണുന്നത് പാര്‍ട്ടിയെ അലട്ടുന്ന പ്രശ്‌നമല്ല: എം വി ഗോവിന്ദന്‍


കാസര്‍കോട്: എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എഡിജിപി ഒരാളെ കാണുന്നത് പാര്‍ട്ടിയെ അലട്ടുന്ന പ്രശ്‌നമല്ല. മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി കണ്ടു എന്നത് അസംബന്ധമാണ്. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നോക്കേണ്ട കാര്യമാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. തൃശൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിക്ക് വേണ്ടി ബിജെപിയുമായി ഒരു ഡീലിനാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. അത് അസംബ ന്ധമാണ്. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട. ബിജെപിക്കെതിരെ സിപി എമ്മിന്റെ നിലപാട് എന്താണെന്ന് അറിയാത്ത ഒറ്റയാളും ഈ കേരളത്തില്‍ ഇല്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയത് യുഡിഎഫ് ആണ്. യുഡിഎഫിന്റെ 86,000 വോട്ടാണ് ബിജെപിക്ക് അനുകൂലമായി കിട്ടിയത്. എന്നിട്ടാണ് 74,000 വോട്ടിന് ബിജെപി വിജയിക്കുന്നത്. ആടിനെ പട്ടിയാക്കുന്ന തിയറിയാണ് യുഡിഎഫ് അവതരിപ്പിക്കുന്നത്. ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. ജനങ്ങള്‍ക്ക് ഇതെല്ലാം തിരിച്ചറിയാനാകും. തൃശൂരിലെ കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്തെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

പണ്ട് നേമത്ത് അസംബ്ലിയിലേക്ക് ബിജെപിയെ ജയിപ്പിച്ചതും കോണ്‍ഗ്രസാണ്. രണ്ടു സ്ഥലത്തും ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ കെയറോഫിലാണ്. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ സിപിഐക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എം വി ഗോവിന്ദന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഞാനിപ്പോള്‍ പറഞ്ഞത് തൃപ്തിയോടു കൂടിയാണോ?. ചോദിക്കു മ്പോള്‍ എന്തെങ്കിലും അര്‍ത്ഥം വേണ്ടേ?. ആരെയാ കണ്ടു കൂടാത്തത്?. ആഭ്യന്തര വകുപ്പ് എന്നതൊക്കെ സര്‍ക്കാര് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

കപ്പപ്പാട്ടില്‍’ ഇളകിയാടി സോഷ്യല്‍ മീഡിയ; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പാട്ടാസ്വദിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

Read Next

റഷ്യ-യുക്രയ്ൻ സമാധാന ഉടമ്പടി; മോദിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »