ആദിത്യ എല്‍ വണ്‍ ‘കുതിക്കുന്നു’; ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം


ബംഗളൂരു: സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ. പേടകം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

പഥം ഉയര്‍ത്തിയതോടെ, 245 കിലോമീറ്ററിനും 22459 കിലോമീറ്ററിനും ഇടയിലുള്ള ദീര്‍ഘ വൃത്തപഥത്തിലേക്ക് പേടകം മാറി. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ യായിരിക്കും രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ എന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍നിന്ന് ശനി 11.50 നായിരുന്നു വിക്ഷേ പണം. നാലുമാസം നീളുന്ന യാത്രയ്‌ക്കൊടുവില്‍ ജനുവരി ആദ്യവാരമാണ് പേടകം ലക്ഷ്യത്തിലെത്തുക. വിശ്വസ്ത റോക്കറ്റായ പിഎസ്എല്‍വി സി 57 ആണ് പേടകത്തെ ഭൂഭ്രമണപഥത്തിലെത്തിച്ചത്.

ചന്ദ്രയാന്‍ 3 വിജയത്തിനുശേഷം നടക്കുന്ന ആദിത്യ വിക്ഷേപണം, ഇന്ത്യയുടെ ആദ്യ സൗരദൗത്യം കൂടിയാണ്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്. തടസ്സങ്ങളില്ലാതെ 24 മണിക്കൂറും ഇവിടെനിന്ന് സൂര്യനെ നിരീക്ഷി ക്കാന്‍ കഴിയും.

അത്യാധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങി യവയെല്ലാം ഇവ പഠിക്കും. പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 365 ദിവസം വേണ്ടിവരും. അഞ്ച് വര്‍ഷവും രണ്ടുമാസവുമാണ് ദൗത്യ കാലാവധി. ചൊവ്വ-ചാന്ദ്ര ദൗത്യങ്ങള്‍ക്കൊപ്പം നേരത്തെ പ്രഖ്യാപിച്ചിരുന്ന പര്യവേക്ഷണ പദ്ധതിയാണിത്.


Read Previous

ജി 20 ഉച്ചകോടി: സെപ്റ്റംബർ‌ ഒൻപത് മുതൽ 11 വരെ 207 ട്രെയിനുകൾ റദ്ദാക്കി

Read Next

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ; കലാശക്കൊട്ടിന്റെ തിരക്കിൽ മുന്നണികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »