അഫ്‌ഗാനിസ്ഥാന്‍റെ ഈ പോരാട്ടവീര്യത്തെ ‘അത്ഭുതം’ എന്ന ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിക്കാൻ കഴിയില്ല ‘ഒന്നും ഇവിടെ അവസാനിക്കുന്നില്ല, ഇതെല്ലാം തുടക്കം മാത്രം’; ടി20 ലോകകപ്പിലും വിസ്‌മയം തീര്‍ത്ത് അഫ്‌ഗാനിസ്ഥാൻ


ലോകകപ്പിലെ സ്വപ്‌നഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്‌ഗാനിസ്ഥാൻ നിരാശയോടെ മടങ്ങിയിരിക്കുകയാണ്. ടൂര്‍ണമെന്‍റില്‍ ഉടനീളം അവര്‍ നടത്തിയ അത്ഭുത കുതിപ്പിന് ട്രിനിഡാഡിലെ ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിരാമം. ടി20 ലോകകപ്പ് നോക്കൗട്ടിലെ കുഞ്ഞൻ സ്കോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ അടിതെറ്റി വീണെ ങ്കിലും ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും ഉള്‍പ്പടെയുള്ള ക്രിക്കറ്റിലെ അതികായന്മാരെ തകര്‍ത്ത അഫ്‌ഗാനിസ്ഥാൻ ലോകമെമ്പാടുമുള്ള കളിയാസ്വാദകരുടെ മനം കവര്‍ന്നു.

ഒന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അഫ്‌ഗാനിസ്ഥാന്‍റെ ഈ പോരാട്ടവീര്യത്തെ ‘അത്ഭുതം’ എന്ന ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിക്കാൻ കഴിയില്ല. കാരണം, കഴിഞ്ഞ ഏകദിന ലോകകപ്പ് മുതല്‍ക്ക് തന്നെ ക്രിക്കറ്റില്‍ തങ്ങളുടെ ഭാവി അവര്‍ കുറിച്ചിട്ടിരുന്നു. ഏകദിന ലോകകപ്പില്‍ ശ്രീലങ്ക, പാകിസ്ഥാൻ എന്നീ മുൻ ലോകചാമ്പ്യന്മാരെ വീഴ്‌ത്തിയ അഫ്‌ഗാനിസ്ഥാൻ കരുത്തരായ ഓസ്‌ട്രേലിയക്ക് മുന്നില്‍ പോലും നടത്തിയ പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാൻ വഴിയില്ല.

ആ പോരാട്ടങ്ങളുടെ തനിപകര്‍പ്പാണ് ഇത്തവണ ടി20 ലോകകപ്പിലും അഫ്‌ഗാനിസ്ഥാൻ കാഴ്‌ചവെച്ചത്. എങ്കില്‍പ്പോലും ടൂര്‍ണമെന്‍റിന്‍റെ ഒരുഘട്ടത്തില്‍ പോലും ക്രിക്കറ്റ് വിദഗ്ധരില്‍ പലരും റാഷിദ് ഖാനും സംഘവും ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലേക്ക് കടക്കുമെന്ന് പോലും പ്രവചിച്ചിരുന്നില്ല. എന്നാല്‍, പ്രവചനങ്ങള്‍ കാറ്റിപ്പറത്തിക്കൊണ്ടായിരുന്നു ടി20 ലോകകപ്പില്‍ അവരുടെ തേരോട്ടം,

അഫ്‌ഗാനിസ്ഥാൻ എന്നാല്‍ റാഷിദ് ഖാൻ എന്ന ഒരു താരം മാത്രമല്ലെന്ന് അവര്‍ വീണ്ടും തെളിയിച്ച ലോകകപ്പ് കൂടിയാണ് ഇത്. ടി20 ലോകകപ്പിന്‍റെ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും അഫ്‌ഗാൻ താരങ്ങള്‍ ഇടം പിടിച്ചു. അവരുടെ ചുമലിലേറിയായിരുന്നു ആ ടീം സെമി വരെയെത്തിയത്.

പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, എന്നീ കരുത്തന്മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ ആയിരുന്നു അഫ്‌ഗാനിസ്ഥാന്‍റെ സ്ഥാനം. അവര്‍ക്കൊപ്പം ഉഗാണ്ട, പാപുവ ന്യൂ ഗിനിയ എന്നീ കുഞ്ഞന്മാരോടും അഫ്‌ഗാൻ ഏറ്റുമുട്ടി. ഈ ഗ്രൂപ്പില്‍ നിന്നും വെസ്റ്റ് ഇൻഡീസും ന്യൂസിലന്‍ഡും സൂപ്പര്‍ എട്ടിലേക്ക് കടക്കുമെന്നാണ് പലരും കരുതിയത്.

എന്നാല്‍, പ്രവചനങ്ങള്‍ എല്ലാം തെറ്റിക്കുകയായിരുന്നു അഫ്‌ഗാനിസ്ഥാൻ. ആദ്യ മത്സരത്തില്‍ ഉഗാണ്ടയ്‌ക്കെതിരെ 125 റണ്‍സിന്‍റെ വമ്പൻ ജയം. രണ്ടാം മത്സരത്തില്‍ ശക്തരായ കിവീസിനെ 75 റണ്‍സില്‍ എറിഞ്ഞിട്ട് 84 റണ്‍സിന്‍റെ തകര്‍പ്പൻ ജയം. പാപുവ ന്യൂ ഗിനിയയും അഫ്‌ഗാൻ തേരോട്ടത്തിന് മുന്നില്‍ വീണു. കരീബിയൻ കരുത്തിന് മുന്നില്‍ മാത്രമായിരുന്നു ആദ്യ റൗണ്ടില്‍ അഫ്‌ഗാന് അടി തെറ്റിയത്.

നാല് മത്സരങ്ങളില്‍ മൂന്നിലും ജയം നേടിയ അവര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിലേക്ക്. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ സ്ഥാനം. ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ ആയിരുന്നു എതിരാളികള്‍.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 47 റണ്‍സിന്‍റെ തോല്‍വി. പിന്നീട് കണ്ടത് അഫ്‌ഗാനിസ്ഥാന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു. രണ്ടാം മത്സരത്തില്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറി. മുൻ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയ അഫ്‌ഗാനിസ്ഥാനോട് തോറ്റത് 21 റണ്‍സിന്. ഓസീസിനെതിരെ അഫ്‌ഗാന്‍റെ ആദ്യ ജയം കൂടിയായിരുന്നു അത്.

സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ജയം നേടാൻ സാധിച്ചാല്‍ ചരിത്രനേട്ടം. ആദ്യമായി ലോകകപ്പിന്‍റെ സെമിയിലെത്താൻ അവര്‍ക്ക് അവസരം. അതുകൊണ്ട് തന്നെ ജയം മാത്രം ലക്ഷ്യം വച്ചായിരുന്നു അഫ്‌ഗാനിസ്ഥാന്‍റെ 11 പോരാളികളും കളത്തിലിറങ്ങിയത്.

ആദ്യം ബാറ്റ് ചെയ്‌ത് 116 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍ വച്ചു. മഴയെത്തി യതോടെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി. കൃത്യതയോടെ അഫ്‌ഗാൻ താര ങ്ങള്‍ പന്തെറിഞ്ഞു. ബംഗ്ലാദേശ് 105 റണ്‍സില്‍ പുറത്ത്. അങ്ങനെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെമി ഫൈനല്‍.

സെമിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അത്ഭുതം കാട്ടാൻ അവര്‍ക്കായില്ല. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെമിയിലേക്കുള്ള തങ്ങളുടെ വാതില്‍ കൊട്ടിയടച്ച ദക്ഷിണാഫ്രിക്ക തന്നെ ടി20 ലോകകപ്പ് സെമിയില്‍ വീണ്ടും അവരുടെ വഴിയടച്ചു…


Read Previous

കൊല്ലത്ത് ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, പൂര്‍ണ സജ്ജരായി എന്‍ഡിആര്‍എഫ്

Read Next

നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »