
ഇസ്ലാമാബാദ്: ഭീകരതക്കെതിരായ നടപടിയില്‍ പിന്തുണ ഉറപ്പാക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുന്ന ഇന്ത്യയ്ക്ക് ബദലായി അന്താരാഷ്ട്ര സമാധാന ദൗത്യ സംഘത്തെ നിയോഗിച്ച് പാകിസ്ഥാന്. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് സംഘത്തിന് നേതൃത്വം നല്‍കുക.
ഓപ്പറേഷന് സിന്ദൂരിനുശേഷം ആഗോള നയതന്ത്ര പ്രവര്‍ത്തനത്തിനായി ഇന്ത്യ ഏഴംഗ സംഘത്തെ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാന്റെ നടപടി. വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് സംഘത്തിന്റെ ചുമതല. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് ബിലാവലിനെ നിയോഗിച്ചത്.
ഇക്കാര്യം ബിലാവല്‍ എക്സിലെ കുറിപ്പില്‍ സ്ഥിരീകരിച്ചു. ‘പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നെ ബന്ധപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദിയില്‍ പാകിസ്ഥാന്റെ വാദം അവതരിപ്പിക്കുന്നതിനായി ഒരു പ്രതിനിധി സംഘത്തെ നയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഉത്തരവാദിത്തം ഏറ്റെടുക്കാനും, പാകിസ്ഥാനെ സേവിക്കാനും പ്രതിജ്ഞാബദ്ധനായിരിക്കും. ‘ ബിലാവല്‍ ഭൂട്ടോ സര്‍ദാരി കുറിച്ചു.
ബിലാവലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നതതല സംഘത്തില്‍, മുന്‍ മന്ത്രിമാരായ ഖുറാം ദസ്ത്ഗിര്‍ ഖാന്, ഹിന റബ്ബാനി ഖര്, മുന്‍ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി എന്നിവര്‍ ഉള്‍പ്പെടുന്നു. പ്രാദേശിക സമാധാനത്തിനായി ബിലാവലിന്റെ പ്രതിനിധി സംഘം വാദിക്കുമെന്ന് പാകിസ്ഥാന് അവകാശപ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ആഖ്യാനത്തെ പ്രതിരോധിക്കുകയാണ് പാകിസ്ഥാന്റെ നടപടിക്ക് പിന്നിലുള്ളതെന്നാണ് വിലയിരുത്തല്‍.