
കൊല്ലം: കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ വെടിയേറ്റാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് നിഗമനം.
കാലിഫോര്‍ണിയ സാന്‍മെറ്റയോയില്‍ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നെയ്തന്‍, നോഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹങ്ങള്‍ കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
പോലീസ് പരിശോധനയില്‍ കുളിമുറിയില്‍നിന്ന് ഒന്‍പത് എം.എം. പിസ്റ്റളും തിരയും കണ്ടെത്തി. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ഹെന്‍ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ വെളിയില്‍വീട്ടില്‍ പരേതനായ ബെന്‍സിഗറിന്റെയും ജൂലിയറ്റിന്റെയും മകളാണ് ആലീസ്. ഏഴുവര്‍ഷംമുന്‍പാണ് ദമ്പതിമാര്‍ അമേരിക്കയിലേക്കു പോയത്.