ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
സംരഭങ്ങൾ തുടങ്ങാൻ പുതുപുത്തൻ ആശയങ്ങളുള്ളവർക്ക് സഹായവുമായി കേരള കാർഷിക സർവകലാശാല. കാർഷിക സംരഭകത്വവികസനത്തിനായി കാർഷിക സർവകലാശാലയിൽ പ്രവർത്തിച്ചുവരുന്ന അഗ്രിബിസിനസ്സ് ഇൻക്യുബേറ്ററിൻ്റെ ഈ വർഷത്തെ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അഗ്രിപ്രണർഷിപ്പ് ഓറിയൻ്റേഷൻ ( കെ.എ.യു റെയ്സ് -2024), സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ (കെ.എ.യു പെയ്സ് -2024 ) എന്നീ രണ്ടിനം പ്രോഗ്രാമുകളിലേക്ക് 2024 മെയ് ഒന്നു മുതൽ 30 വരെ അപേക്ഷിക്കാവുന്നതാണ്. നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും നവസംരഭകർക്കും പദ്ധതിക്കായി അപേക്ഷിക്കാം. കേന്ദ്ര സർക്കാരിൻ്റെ കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആർ.കെ.വി. വൈ റാഫ്ത്താർ പദ്ധതിയുടെ കീഴിലാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഇരുന്നൂറിലധികം സംരഭകർ പദ്ധതിയുടെ പ്രയോജനം നേടിക്കഴിഞ്ഞിട്ടുണ്ട്.
കാർഷിക മേഖലയിൽ സംരഭകനാകാൻ പുത്തനാശയങ്ങളുമായി വരുന്നവർക്കും വിദ്യാർത്ഥികൾക്കും അവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നതാണ് അഗ്രിപ്രണർഷിപ്പ് ഓറിയൻ്റേഷൻ പ്രോഗ്രാം അല്ലെങ്കിൽ കെ.എ.യു റെയ്സ് 2024. അതേസമയം നിലവിൽ സംരംഭം തുടങ്ങിയവർക്ക് പ്രോട്ടോടൈപ്പുകൾ വിപുലീകരിക്കാനും വാണിജ്യവത്ക്കരിക്കാനും സഹായം നൽകുന്ന പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം അഥവാ കെ. എ.യു. പെയ്സ് 2024. റെയ്സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ലക്ഷം രൂപവരെ ഗ്രാൻ്റും ലഭ്യമാകും.
നൂതന ആശയങ്ങളുള്ള വിദ്യാർത്ഥികളിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങൾ സംരഭമായി വികസിപ്പിക്കുന്നതിനും 4 ലക്ഷം രൂപവരെ ധനസഹായം ഈ പദ്ധതിയിലൂടെ ലഭിക്കും കെ.എ.യു പെയ്സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോട്ടോടൈപ്പുകൾ വാണിജ്യവത്ക്കരിക്കാനുള്ള വിദഗ്ദ മാർഗനിർദേശങ്ങളും സാങ്കേതിക സാമ്പത്തിക സഹായവും നൽകുന്നതായിരിക്കും. കൂടാതെ 15 ദിവസത്തെ അധിക ഇൻക്യുബേഷൻ വർക്ക്ഷോപ്പും അഗ്രിബിസിനസ് ഇൻക്യുബേഷൻ ഉപയോഗിക്കാനുള്ള അവസരവും ഇവർക്ക് നൽകും. വിവിധ ഘട്ടത്തിലുള്ള സ്ക്രീനിങ്ങുകൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ട് അപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപവരെ ഗ്രാൻ്റ് പദ്ധതിയിലൂടെ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് rabi.Kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. നിശ്ചിതമാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ rabi@kau.in എന്ന ഇമെയിൽ വിലാസത്തിലോ അഗ്രി ബിസിനസ്സ് ഇൻക്യുബേറ്ററിലേക്ക് തപാൽ വഴിയോ ഗൂഗിൾ ഫോം മുഖേനയോ അയക്കാം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി : 30/5/2024. ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ .04872438332,8330801782,8220718221