മനുഷ്യ ബുദ്ധിയെ മറികടക്കാനും സമൂഹത്തിന്‍റെ പല മേഖലകളിലും ആധിപത്യം സ്ഥാപിക്കാനും കഴിവുള്ള ചാലക ശക്തിയായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ (AI) കഴിഞ്ഞ കുറച്ചു കാലങ്ങളായി വിശേഷിപ്പിക്കാറുണ്ട്.

ചാറ്റ്ബോട്ടുകൾ പോലുള്ള എ ഐ മോഡലുകൾ, വളരെ വേഗത്തിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഉത്തരം നൽകുകയും ദൈനംദിന പ്രവർത്തനങ്ങളിൽ പോലും സഹായികളായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പഠനം,
പറയുന്നത്രയും മിടുക്കനല്ല എ ഐ എന്നാണ് പറഞ്ഞിരിക്കുന്നത്. ലളിതമായ ചില ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നതിൽ ഭൂരിഭാഗം എ ഐ സംവിധാനങ്ങളും പരാജയപ്പെടുന്നതായാണ് ഈ പഠനം പറയുന്നത്.
സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇൻഫോർമാറ്റിക്‌സിലെ രോഹിത് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് കൗതുകകരമായ ഈ കണ്ടത്തൽ. അടുത്തിടെ ഈ ഗവേഷണ പഠനം നേച്ചറിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലെ വിദഗ്ധർ പോലും ഇതേക്കുറിച്ച് ബോധവാൻമാരായതത്രേ. നൂതനമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും, പല എ ഐ മോഡലുകൾക്കും ലളിതവും ദൈനംദിന ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നും പഠനം ചൂണ്ടികാണിക്കുന്നു, പ്രത്യേകിച്ചും, കൃത്യമായി സമയം പറയുക, കലണ്ടറുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. തുടങ്ങിയ കാര്യങ്ങളിലാണ് ഈ പിഴവ് കണ്ടെത്തിയിരിക്കുന്നത്.