
മഹാരാഷ്ട്രയിലെ സർപഞ്ചിൻ്റെ കൊലപാതകത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ഔദ്യോഗിക വസതിയിൽ എത്തിയാണ് രാജിക്കത്ത് സമർപ്പിച്ചത്. ഫഡ്‌നാവിസ് മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയാണ് ധനഞ്ജയ് മുണ്ടെ. മുണ്ടെയെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി മുഖ്യമന്ത്രി ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. 2024 ഡിസംബറിൽ കൊല്ലപ്പെട്ട ബീഡിലെ സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാത കത്തിൻ്റെ മുഖ്യസൂത്രധാരൻ മുണ്ടെയുടെ അടുത്ത സഹായിയായ വാൽമിക് കരാഡ് ആയിരുന്നു. ഇയാളെ പ്രതി ചേർത്തതിനെ തുടർന്ന് കൊലപാതകത്തെ ചൊല്ലിയുള്ള വിവാദങ്ങൾ രൂക്ഷമാകുന്ന തിനിടെയാണ് മുണ്ടെ രാജിവെച്ചൊഴിഞ്ഞത്.
ധനഞ്ജയ് മുണ്ടെ ബീഡിലെ പാർലിയിലെ എംഎൽഎ മാത്രമായിരുന്നില്ല, ബീഡ് ജില്ലയുടെ ഗാർഡിയൻ മന്ത്രി കൂടിയായിരുന്നു . കൊലപാതകത്തിൻ്റെ വീഡിയോകളും സ്‌ക്രീൻഷോട്ടുകളും സോഷ്യൽ മീഡി യയിൽ പ്രചരിച്ചിരുന്നു. ഇതോടെ സർപഞ്ചിൻ്റെ കൊലപാതകത്തിലെ പ്രതികളുമായുള്ള എൻസിപി നേതാവിന്റെ ബന്ധത്തെക്കുറിച്ച് രൂക്ഷ വിമർശനങ്ങൾ ഉയർന്നു തുടങ്ങി. “ബീഡ് ജില്ലയിലെ മസാജോ ഗിൽ നിന്നുള്ള സന്തോഷ് ദേശ്മുഖിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നതാണ് ആദ്യ ദിവസം മുതൽ എൻ്റെ ഉറച്ച ആവശ്യമാണ്”, ധനഞ്ജയ് മുണ്ടെ എക്‌സ് പോസ്റ്റിൽ കുറിച്ചു. കേസിൽ അന്വേഷണം പൂർത്തിയായതായും, ജുഡീഷ്യൽ അന്വേഷണം നിർദേശിക്കപ്പെട്ടിട്ടുണ്ടെന്നും മുണ്ടെ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അടുത്ത കുറച്ച് ദിവസത്തേക്ക് ചികിത്സയ്ക്ക് വിധേയനാകാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആയതിനാലാണ് രാജി വെയ്‌ക്കുന്നതെന്നാണ് മുണ്ടെ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലാണ് മുണ്ടെയോട് രാജി ആവശ്യപ്പെടാനുള്ള തീരുമാനം എടുത്ത തെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുണ്ടെയെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിൽ കാലതാമസം വരുത്തിയതിന് സംസ്ഥാനത്ത് വിമർശനങ്ങൾ ഉയരുന്നുണ്ട്. സർപഞ്ചിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മഹാരാഷ്ട്ര സർക്കാരിനെ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ വിമർശിച്ചു.