ഭാര്യയും മൂത്ത മകനും കൊല്ലപ്പെട്ടു.

ഗാസ സിറ്റി: ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ ഡോ. ഇയാദ് അബു കർഷ് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു രോഗി മുന്നിലെത്തി. അദ്ദേഹത്തിന്റെ 2 വയസ്സുള്ള മകൾ സമാറയായിരുന്നു അത്.
വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇയാദ് ഇസ്രയേൽ വ്യോമാക്രമണം ശക്തമായപ്പോഴാണു ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം ഖാൻ യൂനിസിലെ സഹോദരിയുടെ അപ്പാർട്മെന്റിൽ അഭയം തേടിയത്. അദ്ദേഹം ഗാസ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ സേവനം ആരംഭിക്കുകയും ചെയ്തു.
എന്നാൽ, ഇന്നലെ വ്യോമാക്രമണത്തിൽ സഹോദരി താമസിച്ച പാർപ്പിടസമുച്ചയം തകർന്നടിഞ്ഞു. ഭാര്യയും മൂത്ത മകനും കൊല്ലപ്പെട്ടു. ഈ സമയം ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു ഇയാദ്.
ഗുരുതരമായി പരുക്കേറ്റ ഡോക്ടറുടെ സഹോദരിയും അവരുടെ മകളും ആശുപത്രിയിലുണ്ട്. ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ മോർച്ചറിയിലും.