എയർ കണ്ടീഷണർ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്


ചൂട് ക്രമാതീതമായി കൂടിയതും ഏസിയുടെ വില പണ്ടത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞതും കൂടെയായപ്പോൾ ഇപ്പോൾ സാധാരണക്കാർക്കും ഏസി വാങ്ങാം എന്നായി. അതെസമയം ശരിയായ കപ്പാസിറ്റിയുള്ള ഏസി വാങ്ങുന്നതിലും, മുറിയിൽ ഏസി ക്രമീകരിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചിലവാകും.

വിവിധ ബ്രാൻഡുകളുടെ വിവിധ കപ്പാസിറ്റിയിലുള്ള ഏസികൾ ഇന്ന് ലഭ്യമാണ്. സാധാരണ കണ്ടുവരുന്ന ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചിലവാകും. അതുകൊണ്ട് തന്നെ ഏസി വാങ്ങുന്പോഴും ഉപയോഗിക്കുന്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതേപ്പറ്റി സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് തയ്യാറാക്കിയ 10 കാര്യങ്ങൾ തുടർന്ന് വായിക്കാം.

  1. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ്‌ ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ്‌ നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട്‌ കുറയ്ക്കാൻ സഹായിക്കും.
  2. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച്‌ അനുയോജ്യമായ ടൺ കപ്പാസിറ്റിയുള്ള ഏസി തിരഞ്ഞെടുക്കുക.
  3. വാങ്ങുന്ന സമയത്ത്‌ ബി.ഇ.ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണ്‌ ഏറ്റവും കാര്യക്ഷമത കൂടിയത്‌.
  4. എയർ കണ്ടീഷണറുകൾ ഘടിപ്പിച്ച മുറികളിലേക്ക്‌ ജനലുകൾ വാതിലുകൾ, മറ്റു ദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്ക് കടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.
  5. ഫിലമെന്റ്‌ ബൾബ്‌ പോലുള്ള ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന്‌ ഒഴിവാക്കുക.
  6. എയർ കണ്ടീഷണറിന്റെ ടെംപറേച്ചർ സെറ്റിംഗ്‌ 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുന്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ്‌ സെറ്റ്‌ ചെയ്യുന്നതാണ്‌ ഉത്തമം.
  7. എയർകണ്ടീഷണറിന്റെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.
  8. എയർ കണ്ടീഷണറിന്റെ കണ്ടെൻസർ യൂണിറ്റ്‌ ഒരിക്കലും വീടിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ. കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഏസിയുടെ പ്രവർത്തന മികവിനെ ബാധിക്കും.
  9. എയർ കണ്ടീഷണറിന്റെ കണ്ടെൻസറിന്‌ ചുറ്റും ആവശ്യത്തിന്‌ വായു സഞ്ചാരം ഉറപ്പു വരുത്തുക.
  10. കുറഞ്ഞ ചൂട്‌, അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിംഗ്‌ ഫാൻ, ടേബിൾ ഫാൻ മുതലായവ ഉപയോഗിക്കുക.


Read Previous

ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാന്പ്യൻഷിപ്പിൽ പി ടി ഉഷയുടെ റെക്കോർഡ് ഭേതിച്ച് തമിഴ്നാട് താരം

Read Next

മാര്‍ച്ച് മാസത്തില്‍ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »