
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പൊലീസ് തേനിയിൽനിന്നാണ് ഇന്നു പുലർച്ചെ അഖിൽ സജീവിനെ പിടികൂടിയത്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാന വ്യാപകമായുള്ള സമാനമായ പല തട്ടിപ്പുകേസുകളുടെയും ചുരുളഴിയുമെന്നാണു സൂചന. പത്തനംതിട്ട സിഐടിയു ഓഫിസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് പിടിയിലായതെന്നാണു സൂചന.
ഹോമിയോ ഡോക്ടറായി താൽക്കാലിക ജോലി വാഗ്ദാനം ചെയ്തു മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, പത്തനംതിട്ട സിഐടിയു ഓഫിസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു പരാതി. റിട്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണു മന്ത്രിക്കു പരാതി നൽകിയത്. ഹരിദാസന്റെ മകന്റെ ഭാര്യ ഡോ.ആർ.ജി. നിത രാജിനാണു ജോലി വാഗ്ദാനം നൽകിയത്.
അഖിൽ സജീവും ഹരിദാസനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണു ഹരിദാസുമായുള്ള ഫോൺ സംഭാഷണത്തിൽ അഖിൽ സജീവ് പറയുന്നത്. അതേസമയം അഖിൽ സജീവ് പറഞ്ഞുവിട്ട് ഹരിദാസൻ സെക്രട്ടേറിയേറ്റിലെത്തി കണ്ടത് വ്യാജ അഖിൽ മാത്യുവിനെയാണെന്നും ആരോപണം ഉയരുന്നുണ്ട്.