തിരുവനന്തപുരം: രാത്രി ഒമ്പത് മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയിൽ ആളുകളുണ്ടെങ്കിൽ ഔട്ട്‌ലെറ്റുകൾ അടയ്ക്കാൻ പാടില്ലെന്ന് ബെവ്‌കോയുടെ ഉത്തരവ്.

വരിയിലെ അവസാന ആൾക്കും മദ്യം നൽകിയതിന് ശേഷം മാത്രമേ ഔട്ട്‌ലെറ്റ് അടയ്ക്കാൻ പാടുള്ളൂവെന്നാണ് ഉത്തരവിൽ പറയുന്നത്. വെയർഹൗസ് മാനേജരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഷോപ്പ് ഇൻ ചാർജുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. നിലവിൽ രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കേണ്ടത്. എന്നാൽ പല ഔട്ട്‌ലെറ്റുകളിലും ഒമ്പത് മണി കഴിഞ്ഞാലും വരിയിൽ ആളുകളുണ്ടാകും.
ചില ഔട്ട്‌ലെറ്റുകൾക്ക് സമയം കഴിഞ്ഞതിന്റെ പേരിൽ മദ്യം നൽകാൻ വിസമ്മതിക്കാറുണ്ട്. ഇതേ തുടർന്നാവാം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.