
ആലുവ: ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജ് അറിയപ്പെടുന്നത് ‘കൊക്ക്’ എന്ന പേരിൽ. ഉയരമുള്ള ശരീരവും ജനലിലൂടെ കയ്യിട്ടു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന പതിവും മൂലമാണു ‘കൊക്ക്’ എന്ന ഇരട്ടപ്പേരിൽ ക്രിസ്റ്റിൽ രാജ് കുറ്റവാളികൾക്കിടയിൽ അറിയപ്പെടുന്നത്. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലാണു ഇയാൾ ചുറ്റിക്കറങ്ങുക. അവിടെ മോഷണം നടത്തി മോഷണമുതൽ അവർക്കു തന്നെ കിട്ടുന്ന വിലയ്ക്കു വിൽക്കുന്നതാണു രീതിയെന്നു പൊലീസ് പറയുന്നു.
ബാലികയെ ഉപദ്രവിച്ച സ്ഥലത്തുനിന്നു ലഭിച്ച പ്രതിയുടെ വിരലടയാളം വച്ചു ക്രൈം റെക്കോർഡ്സ് വിഭാഗം നടത്തിയ പരിശോധനയിലാണു 14 കേസുകളിൽ പ്രതിയാണു എന്നു കണ്ടെത്തിയത്. തോട്ടയ്ക്കാട്ടുകര ന്യൂലെയ്നിലെ വീടുകളിൽ നിന്നു കഴിഞ്ഞയാഴ്ച ഇയാൾ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി പരാതിയുണ്ട്. അന്നു സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നു.
കുട്ടിക്കാലം മുതൽ മോഷണം പതിവാക്കിയ ചരിത്രമുള്ള ക്രിസ്റ്റിൽ രാജ് അയൽവാസിയായ, മാനസിക വെല്ലുവിളിയുള്ള അറുപതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. തിരുവനന്തപുരം പാറശാല സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഈ കേസിൽ ക്രിസ്റ്റിൻ ജയിലിൽ കഴിഞ്ഞിരുന്നു. ബാലരാമപുരം, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. വർഷങ്ങൾക്കു മുൻപു മോഷണക്കുറ്റത്തിനു നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയപ്പോൾ വിലങ്ങൂരി പൊലീസിനെ വെട്ടിച്ചു കടന്നെങ്കിലും പിടിയിലായി. ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് സാധനങ്ങൾ റിപ്പയർ ചെയ്യാനും അറിയാം. നാട്ടിൽ ആരുമായും ചങ്ങാത്തം ഇല്ല. രാത്രിയാണു സഞ്ചാരം.
ക്രിസ്റ്റിൽ ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറയുന്നു. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാൽ ദിവസങ്ങളോളം വീട്ടിലെ മുറിയിൽ തന്നെ കഴിയുന്നതാണു രീതി. ലഹരി ഉപയോഗിച്ചാൽ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റിൽ സമീപത്തെ വീട്ടിലെ തൊഴുത്തിൽ നിന്ന പശുവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെയും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം പെരുമ്പാവൂരിൽ നടന്ന മോഷണക്കേസിലും പ്രതിയാണ്. ആലുവയിൽ മുൻപു പ്രതി മേസ്തിരിപ്പണിക്കായി എത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
18 വയസ്സ് മുതൽ മകൻ മോഷണക്കേസുകളിൽ പ്രതിയാണെന്നു ക്രിസ്റ്റിലിന്റെ മാതാവ് പറയുന്നു. ഇടയ്ക്കിടെ വീട്ടിൽ നിന്നിറങ്ങിപ്പോവും. രാത്രി പോയാൽ രാവിലെ തിരിച്ചുവരും. എന്തുചോദിച്ചാലും മറുപടി പറയാറില്ല. കതകടച്ച് മുറിക്കുള്ളിൽ കയറിക്കിടക്കുമെന്നും പ്രതിയുടെ അമ്മ പറഞ്ഞു.