രണ്ട് മാസങ്ങൾക്ക് മുൻപാണ് സീരിയൽ നടൻമാരായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീകുമാറും ബിജു സോപാനവും പരാതിയിൽ കൂടുതൽ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ശ്രീകുമാറിന്റെ ഭാര്യയും സിനിമാ സീരിയൽ നടിയുമായ സ്നേഹ പരാതിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. തന്റെ ഭർത്താവിനുമേൽ ആരോപിക്കപ്പെട്ടിരിക്കുന്നത് വ്യാജപരാതിയാണെന്നാണ് സ്നേഹ പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്.

‘വനിതാ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടികൾ എന്നെ ക്ഷണിക്കാറുണ്ട്. അതിന് ഞാൻ പോകുമ്പോൾ കേൾക്കുന്ന കാര്യങ്ങൾ സ്ത്രീകളെ ഇനിയും ശാക്തീകരിക്കാൻ ഉണ്ടെന്നാണ്. സത്യം പറഞ്ഞാൽ ഇനി സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ ശക്തിയുളളവർ തന്നെയാണ്. സ്ത്രീകൾക്കായാലും കുട്ടികൾക്കായാലും അനുകൂലമായി ഒട്ടനവധി സാഹചര്യങ്ങൾ ഇപ്പോൾ സമൂഹത്തിലുണ്ട്. ഇപ്പോൾ നമ്മൾ പ്രധാനമായിട്ടും രണ്ട് കാര്യങ്ങളാണ് ചിന്തിക്കേണ്ടത്.
ഒന്ന് നമ്മൾ പ്രതീക്ഷിക്കാത്ത വാർത്തകളാണ് കേൾക്കുന്നത്. അത് ലഹരിയുമായും കുട്ടികളുടെ അതിക്രമവുമായി ബന്ധപ്പെട്ടുളളതാണ്. ഇതിൽ ഏത് രീതിയിൽ ഇടപെടാൻ കഴിയും എന്നുളളതാണ് സ്ത്രീകൾ പ്രധാനമായും ആലോചിക്കേണ്ട കാര്യം. മറ്റൊരു കാര്യം നമ്മൾ നിയമത്തിന്റെ എല്ലാ വശവും ഉപയോഗിക്കുമ്പോഴും അവിടെ ഒരു പ്രശ്നം ഉണ്ടാകുന്നുണ്ട്. രണ്ട് മാസങ്ങൾ മുൻപ് എല്ലാ വാർത്ത ചാനലുകളിലും എന്റെ ഭർത്താവിന്റെ ചിത്രങ്ങളും വീഡിയോകളും വന്നിരുന്നു. ലൈംഗികാതിക്രക്കേസായിരുന്നു. അതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരും അന്വേഷിച്ചില്ല.
ആ കേസ് വിശദമായി പരിശോധിച്ചിരുന്നവെങ്കിൽ ഇതുപോലുളള തെറ്റായ കാര്യങ്ങൾ ഉണ്ടാകില്ലായിരുന്നു. അത്തരത്തിൽ ഒരു പരാതി പോലും വന്നിട്ടില്ല. ഭർത്താവിനെതിരെ പരാതി കൊടുത്തത് ഒരു സ്ത്രീയാണ്. ആ വ്യക്തിയുടെ പേര് പറയാനോ കേസ് എന്താണെന്ന് വെളിപ്പെടുത്താനോ ഉളള സ്വാതന്ത്ര്യം എനിക്കില്ല. ഞാനും ഒരു സ്ത്രീയാണ്. അവർ അനുഭവിക്കുന്ന അതേ സംരക്ഷണം എനിക്കും ആവശ്യമാണ്. അത് പറയാൻ കഴിയാത്തത് എന്റെ ഗതികേടാണ്.
അത് 100 ശതമാനം വ്യാജപരാതിയാണെന്നറിയാം. നിയമപരമായി തന്നെ അതിനെ നേരിടും. എന്നിരുന്നാൽ പോലും പരാതി പുറത്തുവന്ന സമയത്ത് ഞാൻ അനുഭവിച്ച മാനസികാവസ്ഥ പറയാൻ കഴിയില്ല. അതാരും ചിന്തിക്കുന്നില്ല. ഇത്തരത്തിലുളള വ്യാജപരാതികൾ കൊടുക്കുന്നതിലൂടെ പല സത്യമുളള പരാതികൾക്കും വിലയില്ലാതെ വരും. ഇത് വ്യാജപരാതിയാണെന്ന് ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാം. അത് ഞങ്ങൾ തെളിയിക്കും.നിയമസംവിധാനത്തോട് വിശ്വാസമുണ്ട്.ഇത്തരത്തിൽ പരാതി വന്നാൽ നേരിടുന്ന അവസ്ഥ വലുതാണ്. കുടുംബം തകരുന്ന അവസ്ഥയാണ്. ജോലിയെ വരെ തടസപ്പെടുത്തുന്ന അവസ്ഥയാണ്. നിരപരാധിത്വം തെളിയിച്ച് ഒരു വരവ് കൂടി വരും. അതിനായി ഏതറ്റം വരെയും പോകും’- സനേഹ പറഞ്ഞു.