ജിദ്ദ: ഉംറ തീര്‍ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ എണ്ണം പ്രതിവര്‍ഷം മൂന്നു കോടിയായി ഉയര്‍ത്താനുള്ള ശ്രമവുമായി സൗദി അറേബ്യ. തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിപ്പിക്കുമെന്ന് ഉംറ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ ബിന്‍ ഫഹദ് അല്‍ ഇഖ്ബാരിയ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ഈ വര്‍ഷം 10 ദശലക്ഷത്തിലധികം അധിക തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടുള്ള പദ്ധതി ആവിഷ്‌ക്കരിച്ചതായി അദ്ദേഹം പറഞ്ഞു.

1.8 ദശലക്ഷം മുസ്ലിംകള്‍ മക്കയിലും പരിസരത്തും വാര്‍ഷിക ഹജ്ജ് തീര്‍ഥാടനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ മാസം ആദ്യം പുതിയ ഉംറ സീസണ്‍ ആരംഭിച്ചത്. ഹജ്ജ് വേള ഒഴികെയുള്ള വര്‍ഷത്തിലെ എല്ലാ സമയത്തും ഉംറ തീര്‍ഥാടനത്തിന് അനുമതിയുണ്ട്.
പേഴ്‌സണല്‍, വിസിറ്റ്, ടൂറിസം വിസകള്‍ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള എന്‍ട്രി വിസകള്‍ കൈവശമുള്ള തീര്‍ഥാടകര്‍ക്ക് ഉംറ ചെയ്യാനും മദീനയിലെ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനും അനുവാദം നല്‍കിയതാണ് ഇവയിലൊന്ന്. ഇതിനു പുറമെ, ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുകയും കര, വ്യോമ, കടല്‍ വഴികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവള ത്തില്‍ നിന്നും പുറപ്പെടാനും ഉടമകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
സൗദി പൗരന്മാര്‍ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും ക്ഷണിക്കാന്‍ അവസരം നല്‍കിയതാണ് മറ്റൊരു പരിഷ്‌ക്കാരം. സൗദി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം നല്‍കുന്നതിനായി ഒരു സ്റ്റോപ്പ് ഓവര്‍ ട്രാന്‍സിറ്റ് വിസയും സൗദി നല്‍കിയിട്ടുണ്ട്. നാല് ദിവസത്തേക്കുള്ള ട്രാന്‍സിറ്റ് വിസ കൈവശമുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറമെ, പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാനും രാജ്യത്തു ടനീളമുള്ള വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനും അനുവാദമുണ്ട്. ജിസിസി നിവാസികള്‍ക്ക് അവരുടെ തൊഴില്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹത നല്‍കിയതും ഉംറ തീര്‍ഥാടനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു.