തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഓരോ വിഷയത്തിലും മുപ്പത് ശതമാനമാണ് വേണ്ട മിനിമം മാർക്ക്.

എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ 7ന് രക്ഷിതാക്കളെ അറിയിക്കും. ഇവർക്ക് 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നൽകും. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും ക്ലാസുകൾ.
നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളിൽ മാത്രം പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം 30നും നടത്തും.
ഒമ്പതാംക്ലാസിൽ മുൻ വർഷത്തെ പോലെ സേ പരീക്ഷ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ക്ലാസുകളുടെ മോണിട്ടറിംഗ് നടക്കും. ബി.ആർ.സി., സി.ആർ.സി തലത്തിലുള്ള മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്ഥാനതലത്തിൽ നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം 7ന് രാവിലെ 11ന് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കും. ജില്ലാതല ഉദ്യോഗസ്ഥരുടെയും ബി.ആർ.സി., സി.ആർ.സി.കളുടെയും യോഗം വൈകിട്ട് 5ന് നടക്കും. സംസ്ഥാനത്ത് 1,229 സ്‌കൂളുകൾ സർക്കാർ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അൺഎയിഡഡ് മേഖലയിലുമായി 3,136 സ്‌കൂളുകളിൽ എട്ടാംക്ലാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു.