
കോട്ടയം: പിസി ജോർജിനെ അനുനയിപ്പിയ്ക്കാൻ അനിൽ ആൻറണി ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്‍റെ പരാതി പരിഹരിയ്ക്കാൻ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ ശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണി തീരുമാനിച്ചിരിക്കുന്നത്. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ പിസി ജോര്‍ജ്ജ് എതിർത്ത പശ്ചാത്തലത്തിലാണ് അനുനയ ശ്രമം. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനിൽ ആന്റണി ഇന്ന് പിസി ജോര്‍ജ്ജിനെ കാണാനെത്തുന്നത്. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമാകും അനിൽ ആന്റണി ഇന്ന് വൈകിട്ട് പിസി ജോർജിനെ കാണുക.
അനിൽ ആൻറണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സാഹചര്യം ബി ജെ പി കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടിയിട്ടുണ്ട്. അതിനിടെ പി സി ജോർജിനെതിരായ പരാതി ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര നേതാക്കൾക്കും പിസിയുടെ നീക്കങ്ങളിൽ അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം രാജ്യത്ത് മറ്റെവിടെയും ഉയരാത്ത പ്രതിഷേധവും പ്രസ്താവനകളുമാണ് പിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.