ആന്റണി ബ്ലിങ്കന്‍ വീണ്ടും എത്തി; ഗാസ വെടിനിര്‍ത്തല്‍: റിയാദില്‍ സൗദി, അമേരിക്കന്‍ ചര്‍ച്ച


സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും റിയാദില്‍ ചര്‍ച്ച നടത്തുന്നു.

റിയാദ് : ഗാസയിലെയും ലെബനോനിലെയും പുതിയ സംഭവവികാസങ്ങള്‍ അടക്കം മേഖലാ സംഘര്‍ഷങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും വെടിനിര്‍ത്തല്‍ ശ്രമങ്ങളും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ചര്‍ച്ച ചെയ്തു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണവും ഇരുവരും ചര്‍ച്ച ചെയ്തു. സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്കല്‍ റാറ്റ്‌നി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

നേരത്തെ റിയാദിലെത്തിയ അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി പ്രത്യേകം ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് സൗദി കിരീടാവകാശിയുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയത്. സൗദി, അമേരിക്കന്‍ വിദേശ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ സൗദി വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, വിദേശ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേ ഷ്ടാവ് മിസ്അബ് ബിന്‍ മുഹമ്മദ് അല്‍ഫര്‍ഹാന്‍ രാജകുമാരന്‍, വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ എന്നിവര്‍ പങ്കെടുത്തു.

ആന്റണി ബ്ലിങ്കന്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ചര്‍ച്ച നടത്തുന്നു.

ഇസ്രായില്‍ സന്ദര്‍ശിച്ചാണ് അമേരിക്കന്‍ വിദേശ മന്ത്രി റിയാദിലെത്തിയത്. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായതായി, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള നേതാക്കളുമായി തെല്‍അവീവില്‍ ചര്‍ച്ച നടത്തിയ ശേഷം റിയാദിലേക്ക് തിരിക്കുന്നതിനു മുമ്പായി ബ്ലിങ്കന്‍ പറഞ്ഞു. ഗാസയില്‍ ഇസ്രായില്‍ വീണ്ടും അധിനിവേശം നടത്തുന്നത് അമേരിക്ക പൂര്‍ണമായും നിരാകരിക്കുന്നു.

ഒക്‌ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനുള്ള ഇസ്രായിലിന്റെ തിരിച്ചടി സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കാന്‍ ഇടയാക്കാത്ത വിധത്തിലായിരിക്കേണ്ടത് പ്രധാന മാണ്. യുദ്ധാനന്തരം ഗാസയുടെ ഭരണവും സുരക്ഷയുമായും ബന്ധപ്പെട്ട് വ്യക്തമായ ധാരണകളില്‍ എത്തിച്ചേരാനും ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാനും ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും അമേരിക്ക പ്രവര്‍ത്തിച്ചുവരികയാണെന്നും വിദേശ മന്ത്രി പറഞ്ഞു.

ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാറിന്റെ മരണവും ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിനിടെ ഹമാസിന്റെ സൈനിക ശേഷിയുടെ ഭൂരിഭാഗവും നിശിപ്പിച്ചതും സൃഷ്ടിച്ച അനുകൂല അവസരം ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ പ്രയോജനപ്പെടുത്തണ മെന്ന് ഇസ്രായിലി നേതാക്കളോട് ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. 2023 ഒക്‌ടോബര്‍ ഏഴിന് ഉണ്ടായതു പോലുള്ള ഒരു ആക്രമണം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുന്നതില്‍ ഇസ്രാ യില്‍ വിജയിച്ചു.

ശേഷിക്കുന്ന 101 ബന്ദികളെ തിരിച്ചെത്തിക്കാനും യുദ്ധം അവസാനി പ്പിക്കാനും ഇസ്രായില്‍ ശ്രമിക്കണം. ഇതിനകം കൈവരിച്ച വിജയങ്ങളെ ശാശ്വതവും തന്ത്രപരവു മായ വിജയമാക്കി മാറ്റാനുള്ള സമയമാണിത്. ബന്ദികളെ വീട്ടിലെത്തിക്കു ന്നതിലും ഈ യുദ്ധം അവസാനിപ്പിക്കുന്നതിലും തുടര്‍ന്നുള്ള കാര്യങ്ങളില്‍ വ്യക്തമായ പദ്ധതി തയാറാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മോശമായ അവസ്ഥയില്‍ ജീവി ക്കുന്ന ആളുകളിലേക്ക് മതിയായ മാനുഷിക സഹായങ്ങള്‍ എത്തുവെന്ന് ഉറപ്പാക്കാന്‍ ഇസ്രായില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ഗാസ യുദ്ധം ആരംഭിച്ച ശേഷം ബ്ലിങ്കന്‍ നടത്തുന്ന 11-ാമത് മേഖലാ പര്യടനമാണിത്. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ആന്റണി ബ്ലിങ്കന്‍ ഖത്തറും പിന്നീട് ലണ്ടനും സന്ദര്‍ശിക്കും. ലണ്ടനില്‍ വെച്ച് അറബ് നേതാക്കളുമായി ബ്ലിങ്കന്‍ ചര്‍ച്ച നടത്തുമെന്ന് യു.എസ് വിദേശ മന്ത്രാലയ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.


Read Previous

ശിവരാജുണ്ടെങ്കില്‍ ഐശ്വര്യയെ ആര്‍ക്കും തൊടാനാകില്ല; ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അംഗരക്ഷകന്‍

Read Next

കെ.എം.സി.സി സെൻട്രൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണവും നേതൃസംഗമവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »