പാരീസ് : പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിക്കിടെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്‍റെ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാരീസിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ കണ്ടുമുട്ടിയതിൽ സന്തോഷമു ണ്ടെന്ന് മോദി എക്‌സില്‍ കുറിച്ചു.
![](https://malayalamithram.in/wp-content/uploads/2025/02/ghuttaras2.jpg)
എഐ ‘ഉള്ളവരും’ ‘ഇല്ലാത്തവരും’ എന്ന ലോകം രൂപപ്പെടുന്നത് ലോക നേതാക്കള്‍ ചേര്‍ന്ന് തടയണമെന്ന് അന്റോണിയോ ഗുട്ടെറസ് തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. എഐയുടെ കഴിവുകള്‍ വർദ്ധിച്ചുവരുന്നത് ഭൗമരാഷ്‌ട്രീയ വിഭജനങ്ങളെ കൂടുതൽ ആഴത്തിലാക്കും. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് എഐ നികത്തുകയാണ് വേണ്ടതെന്നും അത് വർദ്ധിപ്പിക്കരുത് എന്നും ഗുട്ടെറസ് വ്യക്തമാക്കി.
പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി മോദി സഹ – അധ്യക്ഷത വഹിച്ചു. ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയിൽ ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്‌ധർ എന്നിവർ പങ്കെടുത്ത ഉന്നതതല സെഗ്‌മെന്‍റ് ഇന്ന് അവസാനിച്ചു.
നിര്‍മ്മിത ബുദ്ധി, രാഷ്‌ട്രീയത്തെയും സമ്പദ്ഘടനയെയും സുരക്ഷയെയും സമൂഹ ത്തെയും പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിലെ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ നൂറ്റാണ്ടിലെ മാനവരാശിയുടെ വിധി നിശ്ചയിക്കുന്നത് നിര്‍മ്മിത ബുദ്ധിയാണെന്നും മോദി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ നിര്‍മ്മിത ബുദ്ധി സഹായകമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും എഐ സാങ്കേതികതയില്‍ വിപ്ലവം സൃഷ്‌ടിക്കാനുള്ള പാതയിലാണെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ വ്യക്തമാക്കി. അടുത്ത എഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.