ഏത് രേഖയും നിർമ്മിച്ച് നൽകും; 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിൽ


കുവൈത്ത് സിറ്റി: വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിലായി. വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് പിടിയിലായത്. ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍സബാഹിന്റെ നിര്‍ദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീന്‍സ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.

കുവൈത്തില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് നിര്‍ണായകമായ പഠന സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ കരാറുകള്‍, ഡ്രൈവിങ് പെര്‍മിറ്റുകള്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവര്‍. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

അതേസമയം, കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈ പാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകര്‍ പിടിയിലായത്. പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.


Read Previous

കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ നാല് സ്ഥലങ്ങളിൽ നിന്ന് സംസം വെള്ളം വാങ്ങിക്കാം.

Read Next

നേപ്പാളില്‍ ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »