ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതന്‍; വിശ്വസിക്കാനാകുന്നില്ല നവീനേ!’; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍


തിരുവനന്തപുരം: കണ്ണൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിനെക്കുറിച്ചുള്ള ഓര്‍മ കുറിപ്പ് പങ്കുവച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. പത്തനംതിട്ടയില്‍ സേവമനുഷ്ഠിച്ചിരുന്ന കാലത്ത് തഹസീല്‍ദാര്‍ എന്ന നിലയില്‍ നവീന്റെ പ്രവര്‍ത്തനം എന്നും തങ്ങള്‍ക്ക് ഒരു ബലമായിരുന്നുവെന്ന് നവീനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ദിവ്യ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഏതു പാതിരാത്രിയും കര്‍മനിരതനായിരുന്നുവെന്നും അമ്മയെ ഏറെ ആദരിച്ചിരുന്ന മകനായിരുന്നു നവീനെന്നും മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നും ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ടെന്ന് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിശ്വസിക്കാനാകുന്നില്ല നവീനേ! പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാറായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീയനായ റവന്യു മന്ത്രി കെ. രാജന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതു വശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്.

രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കു മ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ടില്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു. എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍…

അമ്മ മരണപ്പെട്ടപ്പോള്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.’


Read Previous

പെട്രോൾ ബങ്കിനായി അപേക്ഷിച്ച കെവി പ്രശാന്ത് പിപി ദിവ്യയുടെ ബിനാമി ബിസിനസ്കാരന്‍, അറസ്റ്റ് ചെയ്യണം’ അഡ്വ. മാർട്ടിൻ ജോർജ്

Read Next

രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഇടഞ്ഞ് പി സരിന്‍, വാര്‍ത്താസമ്മേളനം 11.45 ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »