ഉചിതമായ സ്ഥാനം നല്‍കും, ദേശീയ നേതൃത്വത്തിന്‍റെ ഇടപെടല്‍ ; പിസി ജോർജ് അയഞ്ഞു


പത്തനംതിട്ട: തന്നെ സ്ഥാനാർഥിയാക്കിയത് പോലെ പിസി ജോർജിനും ബിജെപി ഉചിതമായ സ്ഥാനം കൊടുക്കുമെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. പിസിയുടെ എതിർപ്പ് വെറും മാധ്യമ സൃഷ്ടി ആയിരുന്നു. ഇടതുപക്ഷ സർക്കാർ ഉള്ള കാലത്തോളം ശബരിമല വിഷയം ആരും മറക്കില്ലെന്നും തെരഞ്ഞെടുപ്പിൽ അത് ചർച്ചയാകുമെന്നും അനിൽ ആന്റണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യകലാപത്തിനിറങ്ങിയ പിസി ജോർജ്ജിനെ ഇന്നലെ അനിൽ ആൻ്റണി സന്ദ‍ർശിച്ചിരുന്നു.

 ബിജെപി ദേശീയ നേതൃത്വത്വത്തിൻ്റെ ഇടപെടലോടെയാണ് പിസി ജോർജ് അയഞ്ഞത്. വീട്ടിലെത്തിയ അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. അതേസമയം, ജോർജ്ജിൻ്റെ വിമർശനങ്ങളിൽ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്. അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കും.

‌പിസി ജോര്‍ജിനെ വിമര്‍ശിച്ചുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിനും പിസി ജോര്‍ജ് മറുപടി നല്‍കിയിരുന്നു. സ്വയം നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് നന്നായെന്നും തുഷാർ തന്നെ പ്രചാരണത്തിന് വിളിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും പിസി ജോര്‍ജ് ചോദിച്ചു. വിളിക്കാതെ പ്രചാരണത്തിന് പോകേണ്ട കാര്യം ഇല്ലല്ലോ. വിളിക്കാതെ പോകാൻ താൻ ചന്തയല്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. അതേസമയം, പിസി ജോര്‍ജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനിൽ ആന്‍റണി പറഞ്ഞു.

മുതിർന്ന നേതാവായ ജോർജിന്‍റെ പിന്തുണ തനിക്കുണ്ടാകും. പിസി ജോർജിന്‍റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനില്‍ ആന്‍റണി പറഞ്ഞു. ഉറപ്പിച്ച സീറ്റ് അനിൽ ആൻറണിക്ക് നല്‍കിയതിലായിരുന്നു പിസി ജോർജിൻറെ കടുത്ത അമർഷം. എതിർപ്പ് പലതവണ പരസ്യമാക്കി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ ജോർജ്ജ് ഒടുവിൽ അയയുകയായിരുന്നു. മിതത്വം പാലിക്കണമെന്ന് ദേശീയ നേതാക്കൾ ജോർജ്ജിനെ വിളിച്ചറിയിച്ചിരുന്നു. വേണ്ട പരിഗണന നൽകുമെന്നും പറഞ്ഞിരുന്നു. തുഷാർ വെള്ളാപ്പള്ളി ജോർജിനെ ദില്ലിയിൽ തള്ളിപ്പറഞ്ഞതോടെ കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങിയ ജോർജ് പിന്നെ കളം മാറ്റുകയായിരുന്നു.

ദില്ലിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് അനിൽ ആൻറണി പത്തനംതിട്ടയിലിറങ്ങും മുമ്പ് ജോർജ്ജിനെ കണ്ടത്. അനിലിനെ മണ്ഡലത്തിൽ നന്നായി പരിചയപ്പെടുത്തേണ്ടിവരുമെന്ന് നേരത്തെ പരിഹസിച്ച ജോർജ്ജ് ജയം ഉറപ്പെന്നാണ് ഇപ്പോള്‍ പറയുന്നത്. അതേ സമയം ജോർജ്ജ് ഉണ്ടാക്കിയ അപ്രതീക്ഷിത പ്രതിസന്ധിയിൽ പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് അതൃപ്തിയുണ്ട്. സീറ്റ് നിഷേധിച്ചതിൽ ജോർജ്ജ് പ്രതിസ്ഥാനത്ത് നിർത്തുന്ന തുഷാർ വെള്ളാപ്പള്ളി ജെപി നദ്ദയെ കണ്ട് പരാതിപറഞ്ഞു. അനിലിന് മധുരം നൽകുമ്പോഴും സീറ്റ് എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന കാര്യം ജോർജ് ഇടക്കിടെ ആവർത്തിക്കുന്നുണ്ട്. ഉറപ്പ് പാലിക്കാത്തതിൽ ജോർജിനുള്ള നീരസം മാറ്റിയെങ്കിലും പത്തനംതിട്ട മാത്രമാകില്ല എൻഡിഎക്കുള്ള ജോർജിന്‍റെ ഭീഷണി.


Read Previous

തന്‍റെ കുടുംബത്തിന്‍റെ നേർച്ചയില്‍ മറ്റ് പാർട്ടികൾക്ക് എന്ത് കാര്യം; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വൈരക്കല്ല് വച്ച10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിയ്ക്കും; സുരേഷ്ഗോപി

Read Next

വടക്കൻ ഇസ്രയേലില്‍ മിസൈൽ ആക്രമണം; കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »