
ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ ജിദ്ദ മലയാളം ക്ലബ്ബിന്റെ വാർഷിക സമ്മേളനം ‘അരങ്ങ് 2025’ പ്രവാസി ഭാഷാ പ്രേമികളുടെ പ്രസംഗ വൈഭവം തെളിയിക്കുന്ന വേദിയായി മാറി. വാർഷിക പരി പാടികളിൽ മുഖ്യ ഇനമായ പ്രസംഗ മത്സരം വിവിധ മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അന്താരാഷ്ട്ര പ്രസംഗം, നർമ പ്രസംഗം, വിലയിരുത്തൽ, നിമിഷ പ്രസംഗം (ടേബിൾ ടോപ്പിക്) എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.
മലയാളഭാഷയുടെയും കേരളത്തനിമയുടെയും മഹിമയും പഴമയും വിളിച്ചോതുന്ന സംഘഗാനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ എന്നിവ അരങ്ങിനു മിഴിവേകി. ഗൃഹാതുരത്വമുണർത്തുന്ന വിഭവസ മൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായിരുന്നു.
ടി എം സഹീർ അബ്ദുൽ ഖാദർ നർമ പ്രസംഗം, മൂല്യനിർണയം, നിമിഷ പ്രസംഗം എന്നീ ഇനങ്ങളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പിയോ ആന്റണി മൂല്യനിർണയം, അന്താരാഷ്ട്ര പ്രസംഗ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ടേബിൾ ടോപ്പിക്കിൽ രണ്ടാം സ്ഥാനവും നർമ പ്രസംഗ ത്തിൽ മൂന്നാം സ്ഥാനവും നേടി. സന്തോഷ് അബ്ദുൾ കരീം ടേബിൾ ടോപ്പിക്കിൽ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടി. റിസാന മണപ്പാട്ടിൽ നർമ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂല്യനിർണ്ണയത്തിലും അന്താരാഷ്ട്ര പ്രസംഗ മത്സരങ്ങളിലും മൂന്നാം സ്ഥാനം കെ.എം. ബഷീർ സ്വന്തമാക്കി.
ചെയർമാൻ ടി.എം. വെഞ്ഞാറമൂട് മത്സര നടപടികൾ നിയന്ത്രിച്ചു. ബഷീർ അമ്പലവൻ ഏകോപനം നിർവഹിച്ചു. റാഷിദ് അലി, അസൈൻ ഇല്ലിക്കൽ, ഡോ. രാജു, സജി കുര്യാകോസ് എന്നിവരായിരുന്നു വിധികർത്താക്കൾ. ക്ലബ് പ്രസിഡന്റ് സഹീർ അബ്ദുൽ ഖാദറിന്റെയും കൃപ കുറങ്ങാട്ടിന്റേയും നേതൃത്വത്തിൽ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികളുടെ സംഘാടനം മികച്ചതാക്കി.