ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന; ലോകചാമ്പ്യന്മാരുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്


റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസി 78 മിനുട്ട് കളിക്കാനുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളിന് ഉറുഗ്വേയോട് പരാജയപ്പെട്ടിരുന്നു.

81-ാം മിനുട്ടിൽ ജോലിം​ഗ്ടൺ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ബ്രസീൽ പത്തുപേരായി ചുരുങ്ങിയിരുന്നു. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവി യാണിത്. ലോകകപ്പ് യോ​ഗ്യതാ ചരിത്രത്തിൽ സ്വന്തം മണ്ണിൽ നേരിടുന്ന ആദ്യ തോൽവി കൂടിയാണ്. ആറു മത്സരങ്ങളിൽ‌ നിന്നും ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്രസീൽ.

വിജയത്തോടെ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് അര്‍ജന്റീന ആരാധകരും ബ്രസീല്‍ ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടിയതും പൊലീസ് ലാത്തി വീശിയതും തുടക്ക ത്തില്‍ കളിയെ ബാധിച്ചിരുന്നു.


Read Previous

എംഇഎസ് റിയാദ് ചാപ്റ്റർ സത്താർ കായംകുളത്തെ അനുസ്മരിച്ചു.

Read Next

ഇതൊരു വല്യ പരിപാടിയായി തോന്നുന്നില്ല’; എംഎല്‍എയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ സംസാരിക്കാന്‍ തോന്നി; ശൈലജയുടെ ‘അധികപ്രസംഗ’ത്തിനെതിരെ പിണറായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »