കോപ്പയിൽ അർജന്റീനക്ക് വിജയ തുടക്കം; ആദ്യമത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി


ന്യൂയോർക്ക്: കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തിൽ കാനഡക്കെതിരെ ജയിച്ച് തുടങ്ങി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. 15 അവസരങ്ങൾ സൃഷ്ടിച്ച അർജന്റീന ഒമ്പത് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാൽ രണ്ട് തവണ മാത്രമാണ് കാനഡക്ക് അർജന്റീന പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാനായത്. മത്സരത്തിലാകെ ഗോളെന്നുറച്ച അഞ്ച് അവസരങ്ങൾ ഗോൾ കീപ്പർ ക്രപ്യൂ തടഞ്ഞതും കാനഡക്ക് ആശ്വാസമായി.

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനെത്തിയ കാനഡ അർജന്റീനക്കെതിരെ കടുത്തവെല്ലുവിളിയായിരുന്നു ഉയർത്തിയത്. മെസിയടക്കമുള്ള താരങ്ങൾക്ക് കാനഡയുടെ വെല്ലുവിളിയിൽ പല ഷോട്ടുകളും ലക്ഷ്യത്തിലെത്തിക്കാനായില്ല. മെസിയും ഡി മരിയയും വലതുവിങ്ങിൽ നിന്ന് ചെറു മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. അർജന്റീനയുടെ ഓരോ മുന്നേറ്റങ്ങളെയും കാനഡ കൃത്യമായി പ്രതിരോധിച്ചു. 39ാം മിനുറ്റിലെ മാക് അലിസ്റ്ററിന്റെ ഹെഡർ കനേഡിയൻ ഗോളി തട്ടിയകറ്റി. 42ാം മിനുറ്റ് കാനഡയുടെ സ്‌റ്റെഫാൻ എസ്റ്റക്യൂവിന്റെ ഹെഡർ ഉഗ്രൻ സേവിലൂടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തട്ടിയകറ്റി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ാം മിനുറ്റിൽ ജൂലിയൻ അൽവാരസ് ആദ്യ ഗോൾ നേടി. വലതു വിങ്ങിൽ നിന്ന് മെസി നൽകിയ പന്ത് മാക് അലിസ്റ്റർ ഗോളിയെ മറികടന്ന് അൽവാരസിലെത്തിച്ചു. ഞൊടിയിടയിൽ അൽവാരസ് പന്ത് കാനഡയുടെ ഗോൾവലയിലെത്തിക്കുകയായിരുന്നു. തുടർന്നും അർജന്റീന തുടരെ അക്രമങ്ങൾ അഴിച്ചുവിട്ടു. രണ്ട് തവണ കനേഡിയൻ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം മെസിക്ക് ഗോളിലെത്തിക്കാനായില്ല.

65ാം മിനുറ്റിൽ എമിലിയാനോ മാർട്ടിനസ് മെസിക്ക് നൽകിയ പന്ത് ഗോൾ കീപ്പർ മാക്‌സിം ക്രപ്യൂ തടഞ്ഞു. പന്ത് വീണ്ടും മെസിയുടെ കാലിലെത്തിയെങ്കിലും ഡിഫൻഡർ ഓടിയെത്തി അതും തടയുകയായിരുന്നു. 88ാം മിനുറ്റിൽ പകരക്കാ രനായെത്തിയ ലൗട്ടാരോ മാർട്ടിനസ് ഗോൾ കണ്ടെത്തിയതോടെ ലോകചാമ്പ്യൻമാർ കോപ്പയുടെ ആദ്യ മത്സരത്തിൽ വിജയമുറപ്പിച്ചു. മെസിയുടെ അസിസ്റ്റിലാണ് ലൗട്ടാരോ കനേഡിയയുടെ ഗോൾ വലകുലുക്കിയത്. രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തതോടെ തുടർച്ചയായി ഏഴ് കോപ അമേരിക്ക ടൂർണെന്റുകളിൽ അസിസ്റ്റ് നൽകുന്ന ആദ്യ താരമായി മെസി മാറി.


Read Previous

ആക്രമണം അഴിച്ചുവിട്ട് തുര്‍ക്കിയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു: ഗോളടിപ്പിച്ച് റൊണാള്‍ഡോ.

Read Next

കൊച്ചിയില്‍ ട്രാഫിക് സിഗ്നലില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »