ചിന്നക്കനാലിൽ നിന്നും പെരിയാറിലേക്ക് നാടുകടത്തിയ അരിക്കൊമ്പന്റെ വലതു കണ്ണിന് കാഴ്‌ചക്കുറവെന്ന് റിപ്പോർട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ദൗത്യത്തിനിടെ മയക്കുവെടി വച്ച ശേഷം പരിശോധിച്ചപ്പോഴാണ് ഇത് മനസിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടി കൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതാണെന്നും കണ്ടെത്തലിലുണ്ട്. ഒരു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഏപ്രിൽ 30 ഞായറാഴ്‌ച പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടത്.
അതേ സമയം കാടിനുള്ളിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദ്ദേശം നൽകി. അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്‌തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയക്കുകയും ചെയ്‌തു.