#Arvind Kejriwal Arrest| കെജ്‌രിവാളിന് ജയിലില്‍ കിടന്ന് ഭരണം സാധ്യമല്ല; ചുമതല കൈമാറേണ്ടി വരുമെന്ന് പി ഡി റ്റി ആചാരി


തിരുവനന്തപുരം: ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ച അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടുരുന്നതിന് തടസമില്ലെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പി ഡി റ്റി ആചാരി. നിയമസഭയില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. നിയമസഭ കക്ഷി കെജ്‌രിവാളില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുമില്ല. ഏതെങ്കിലും കോടതി അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ഉത്തരവിട്ടിട്ടുമില്ല. ഇതെല്ലാം കണക്കിലെടുത്ത് അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നതില്‍ തെറ്റില്ലെന്നും ആചാരി പറഞ്ഞു.

എന്നാല്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്ന് പറയുന്നത് പ്രായോഗികമല്ല. ഭരിക്കുക യെന്നാല്‍ തീരുമാനങ്ങളെടുക്കുക, മന്ത്രിസഭായോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുക, ഫയലുകള്‍ തീര്‍പ്പാക്കുക എന്നിവയാണ്. ഒന്നുകില്‍ നേരിട്ട് അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ജയിലില്‍ കിടക്കുന്ന സാഹചര്യത്തില്‍ ഇത് രണ്ടും സാധ്യമല്ല. ഇപ്പോഴത്തെ താത്‌ കാലിക പ്രതിസന്ധി മറികടക്കാന്‍ പകരം മറ്റൊരാളെ ചുമതല ഏല്‌പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും ആചാരി വ്യക്‌തമാക്കി.

മുഖ്യമന്ത്രിമാര്‍ ജയിലിലാക്കപ്പെട്ടാല്‍ പകരം ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങളെ ക്കുറിച്ച് നിയമപരമായോ ഭരണഘടനാപരമായോ പരിഹാരം ഇന്ത്യയിലില്ല. ഇത് സംബന്ധിച്ച് കീഴ്വഴക്കവുമില്ല. ഉള്ളത് തമിഴ്‌നാട്ടില്‍ ജയലളിതയുടെയും ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറനും മാത്രമാണ്. അവര്‍ രാജിവെയ്ക്കുകയായിരുന്നു. രാജിവയ്‌ച്ചാല്‍ മന്ത്രിസഭ ഒന്നാകെ പോകും. പകരം പുതിയ മുഖ്യമന്ത്രിയും, മന്ത്രിമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രി അറസ്‌റ്റിലാകുമ്പോള്‍ അങ്ങനെ ചെയ്‌തിരിക്കണം എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഭരണഘടനയില്‍ ഒരിടത്തും അങ്ങനെ പറയുന്നുമില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ പൊന്മുടിയോട് ഹൈക്കോടതി രാജിവെക്കാന്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്. അരവിന്ദ് കെജ്‌രിവാളിന്‍റെ കാര്യത്തില്‍ കോടതി അത്തരത്തില്‍ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല.

അറസ്‌റ്റും ജയില്‍വാസവും താത്കാലികം മാത്രമാണ്. എന്നാല്‍ ദൈനംദിന ഭരണം സ്‌തംഭിക്കാതിരിക്കണമെങ്കില്‍ മറ്റൊരാള്‍ക്ക് ചുമതല നല്‌കേണ്ടി വരും. ഇതിനര്‍ത്ഥം കെജ്‌രിവാള്‍ രാജിവെക്കണമെന്നല്ല. നിയമസഭയില്‍ എഎപിക്ക് ഭൂരിപക്ഷവും നിയമസഭാ കക്ഷികളില്‍ കെജ്‌രിവാളിന് ഭൂരിപക്ഷവുമുള്ളിടത്തോളവും, കോടതി രാജി ആവശ്യപ്പെടാത്തിടത്തോളവും അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടുരുന്നതിന് തടസമില്ലെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും പി ഡി റ്റി ആചാരി ഇടിവി ഭാരതിനോട് പറഞ്ഞു.


Read Previous

#Kejriwal’s replacements| കെജരിവാളിന് പകരമാര്?.. ആം ആദ്മി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം

Read Next

#SHASHI THAROOR ON KEJRIWAL ARREST|പരാതിക്കോ ഹർജിക്കോ കാത്തിരിക്കാതെ ഇതിൽ സുപ്രീംകോടതി ഇടപെടണം, ഇങ്ങനെ ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനമെടുക്കുന്നവരെ ഭരണത്തിൽവരാൻ അനുവദിക്കരുത്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ ചെയ്യാൻ പാടില്ലാത്ത കാര്യം’ ; അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ശശി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »