ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

‘കാവി ധരിച്ച് കുറച്ച് ആളുകള്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. ഹനുമാന്‍ ജയന്തി അടുക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കുള്ള സംഭാവനകള്‍ സ്വീകരിക്കാനും മറ്റും ഭക്തര്‍ എത്താറുണ്ട്. എന്നാല്‍ അരമണിക്കൂറിനകം സ്ഥിതിഗതികള്‍ മാറി. സ്‌കൂള്‍ പരിസരത്തും റോഡിലും വന്‍ ആള്‍ക്കൂട്ടവും പോര്‍വിളിയുമായി. ഇത് അഞ്ച് മണിക്കൂറോളം നീണ്ടു. ഓഫീസും കമ്പ്യൂട്ടര്‍ ലാബും അടിച്ചു. സ്‌കൂള്‍ മനേജറായ വൈദികനെ മര്‍ദിക്കുകയും ജയ് ശ്രീറാം എന്ന് ഉറക്കെ വിളിപ്പിക്കുകയും ചെയ്തിട്ടാണ് അവര്‍ മടങ്ങിയത്’- ഹനുമാന്‍ സേന എന്ന പേരില്‍ എത്തിയവര്‍ അടിച്ചു തകര്‍ത്ത സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഫാ. അനൂപ് ജോര്‍ജ് ഞവരൂര്‍ പറയുന്നു.
തെലങ്കാനയിലെ മഞ്ചിരിയാല്‍ ജില്ലയിലെ ലക്ഷത്തിപ്പേട്ടിന് സമീപമുള്ള കന്നപ്പള്ളി ഗ്രാമത്തിലാണ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കാവി ധരിച്ചെത്തിയ ആള്‍ക്കൂട്ടം ഏപ്രില്‍ 15-നാണ് സ്‌കൂളിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സ്‌കൂളിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു സംഭവം. ഹനുമാന്‍ ദീക്ഷയെടുക്കുന്ന വിദ്യാര്‍ഥികളോട് കാവിധരിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇങ്ങനെ ഒരു ആക്രമണം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇപ്പോള്‍ ഇവിടെ കാണാനില്ല. രംഗം തീര്‍ത്തും ശാന്തമാണ്. എങ്കിലും സ്‌കൂള്‍ അധികൃതരില്‍ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. സംഭവത്തിന് ശേഷം രണ്ടാഴ്ചയോളം ഇവിടെ പോലീസ് കാവലുമുണ്ടായിരുന്നു. ഇപ്പോള്‍ സ്‌കൂള്‍ അവധിയാണ്. ഓഫീസ് ജീവനക്കാരല്ലാതെ ആരും ഇവിടെയില്ല. ആക്രമണത്തില്‍ സംഭവിച്ച നാശങ്ങള്‍ പരിഹരിക്കാനുള്ള പണികള്‍ കഴിഞ്ഞു. ആശങ്കയുണ്ടെങ്കിലും അടുത്ത അധ്യയന വര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
സിറോ മലബാര്‍ കത്തേലിക്ക സഭയുടെ കീഴിലുള്ള ദിവ്യകാരുണ്യ മിഷണറീസ് വിഭാഗം (എം.സി.ബി.എസ്) 2009-ലാണ് സ്‌കൂള്‍ ആരംഭിച്ചത്. തെലങ്കാന സര്‍ക്കാര്‍ സിലബസ് പിന്തുടരുന്ന സ്‌കൂളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലായി 1050 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 900-ല്‍ ഏറെയും ഹൈന്ദവ വിദ്യാര്‍ഥികളാണ്. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് കുട്ടികളില്‍ പലരും ദീക്ഷയെടുക്കാറുണ്ട്. 21 ദിവസം നീളുന്ന വ്രതനാളുകള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് പകരം കാവി ധരിക്കാന്‍ അനുമതി നല്‍കാറുണ്ട്. രക്ഷിതാക്കളുടെ അഭ്യര്‍ഥന പ്രകാരമാണ് അനുമതി നല്‍കുന്നത്.
വിദ്യാര്‍ഥികളോട് കാവിധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. രക്ഷിതാക്കള്‍ അറിയിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. വ്രതം നോക്കുന്നവര്‍ക്ക് വേണ്ടി പരീക്ഷ സമയം മാറ്റുന്ന കാര്യം പരിഗണിയ്ക്കാമെന്നും അറിയിച്ചിരുന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു. അക്രമം നടക്കുന്നതിന് തലേദിവസം അന്നത്തെ പ്രിന്‍സിപ്പല്‍ ഫാ.ജോബി ഡൊമനിക് ക്ലാസ് മുറിയില്‍ കാവി ധരിച്ചിരിക്കുന്ന നാലാം ക്ലാസ് വിദ്യാര്‍ഥികളോട് അനുമതിനേടിയിരുന്നോയെന്ന് ചോദിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ ബന്ധപ്പെട്ട് അനുമതി ആവശ്യപ്പെടണമെന്ന് അറിയിച്ചു. ഇത് സാധാരണ നടപടിയാണെന്ന് സകൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ അടുത്ത ദിവസം ഇത്രയും വലിയ ഭീകരാന്തരീക്ഷം അരങ്ങേറുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
പരീക്ഷ ആരംഭിക്കാന്‍ പോകുന്ന സമയത്തായിരുന്നു ആദ്യ സംഘം സ്‌കൂളില്‍ എത്തിയത്. ഹനുമാന്‍ ദീക്ഷയെടുത്തിരിക്കുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കില്ലേയെന്ന് ചോദിച്ച് ബഹളം തുടങ്ങി. പ്രശ്നങ്ങളുണ്ടാക്കരുത് സമാധാനത്തോടെ സംസാരിക്കാമെന്ന് പറയുമ്പോഴേക്കും കൂടുതല്‍ പേര്‍ സ്‌കൂള്‍ പരിസരത്തേക്ക് ഇടിച്ചു കയറി. കാവി ധരിച്ച വിദ്യാര്‍ഥികളെ ശകാരിച്ചതിന് മാപ്പുപറയണമെന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആദ്യ ആവശ്യം.
സ്‌കൂള്‍ മാനേജര്‍ ഫാ. ജയ്മോന്‍ ജോര്‍ജ്, ഫാ.ജോബി ഡൊമനിക് അടക്കമുള്ളവര്‍ മുകള്‍ നിലയില്‍ കയറി മൈക്രോ ഫോണിലൂടെ മാപ്പു പറഞ്ഞു. അവിടെ എത്തിയ ഒരുകൂട്ടം പേര്‍ വൈദികരുടെ നെറ്റിയില്‍ ഭസ്മമിട്ടു. കഴുത്തില്‍ കാവി ഷാള്‍ ധരിപ്പിച്ചു. പല തവണ ജയ്ശ്രീറാം വിളിപ്പിച്ചു. ഓഫീസും ലാബും അടിച്ചു തകര്‍ച്ചു. ഫാ. ജയ്മോനെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ പരീക്ഷ എഴുതിക്കൊണ്ടിരുന്ന ചില കുട്ടികള്‍ ഭയന്നു കുഴഞ്ഞു വീണു. രാവിലെ 7.30-ന് എത്തിയ സംഘം അഞ്ച് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം 12.30ഓടെയാണ് മടങ്ങിയത്. മടങ്ങുമ്പോള്‍ സ്‌കൂള്‍ മുറ്റത്ത് നിന്ന മദര്‍ തെരേസയുടെ പ്രതിമ തകര്‍ത്തു. സ്‌കൂളിന് മുന്നില്‍ കാവി കൊടി സ്ഥാപിക്കുകയും ചെയ്തു.
വീണ്ടും ആക്രണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ അതും പിന്‍വലിച്ചു. നിലവില്‍ സ്‌കൂളിന് എതിരെയും ആക്രമികളായ 30 പേര്‍ക്ക് എതിരെയും കേസുണ്ട്.
