
വേനല്‍ക്കാലമായാല്‍ വലിയ ഡിമാന്‍ഡ് ഉള്ള പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. കുറഞ്ഞ വിലയില്‍ ധാരാളം പോഷകഗുണങ്ങള്‍ എന്നതാണ് തണ്ണിമത്തനെ ശ്രദ്ധേയനാക്കുന്നത്. വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ കമനീയശേഖരം കൂടിയാണ് സുലഭമായി കിട്ടുന്ന തണ്ണിമത്തന്‍. വലിയ അളവില്‍ ജലാംശം ഉള്‍പ്പെടുന്നുവെന്നതും തണ്ണിമത്തന്റെ പ്രത്യേകതയാണ്. വേനല്‍ക്കാല ത്തിനൊപ്പം നോമ്പ് കാലം കൂടിയായതിനാല്‍ ആവശ്യക്കാരും കൂടുതലാണ്.
ചൂട് കടുത്തതോടെ നിര്‍ജലീകരണം തടയാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും തണ്ണിമത്തനെ ആശ്രയിക്കുന്നത് നിരവധിപേരാണ്. ആവശ്യക്കാരേറിയതോടെ മായം ചേര്‍ത്ത തണ്ണിമത്തനും വ്യാപക മായി കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഏതൊരു ഭക്ഷണ സാധനം വാങ്ങുമ്പോഴും അതിന്റെ ഗുണമേന്മയും പരിശോധിച്ച് ഉറപ്പാക്കണം. തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ അത് നല്ലതാണോയെന്ന് തിരിച്ചറിയണം. ഈ സാഹചര്യത്തില്‍ മായം കലര്‍ന്ന തണ്ണിമത്തന്‍ തിരിച്ചറിയാനും ചില മാര്‍ഗങ്ങളുണ്ട്. ഒരു ചെറിയ കഷ്ണം വില്‍പ്പനക്കാരനോട് മുറിച്ച് നല്‍കാന്‍ ആവശ്യപ്പെടണം. ശേഷം ഒരു ടിഷ്യൂ പേപ്പറോ പഞ്ഞിയോ കൊണ്ട് മുറിച്ച തണ്ണിമത്തന്‍ കഷ്ണത്തിന്റെ ഉള്‍ഭാഗത്ത് ഉരച്ച് നോക്കുക. പഞ്ഞിയിലോ ടിഷ്യൂ പേപ്പറിലോ നിറം പറ്റിയിട്ടുണ്ടെങ്കില്‍ അത് മായം കലര്‍ന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.
അതുപോലെ തന്നെ ഗുണമേന്മയുള്ള തണ്ണിമത്തനാണെങ്കില്‍ അത് നിറം മാറില്ല. അല്‍പ്പം വെളുത്ത നിറമോ അവിടങ്ങളിലായി മഞ്ഞ നിറമോ കാണുന്നുവെങ്കിലും അതില്‍ മായം കലര്‍ന്നിട്ടുണ്ടാകാം. എളുപ്പത്തില്‍ പഴുപ്പിക്കാനായി കാര്‍ബൈഡ് ഉപയോഗിക്കുന്നുണ്ട്. മുകളിലായി മഞ്ഞ നിറം കാണുക യാണെങ്കില്‍ ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മായം ചേര്‍ത്ത പഴമാണെങ്കില്‍ അതില്‍ കൂടുതല്‍ വിള്ളലുകളുണ്ടാകുന്നതായും കാണാം.