അയോധ്യ മസ്‌ജിദ് നിർമാണ സമിതികൾ പിരിച്ചുവിട്ടു; നാല് വർഷം കൊണ്ട് സമാഹരിച്ചത് ഒരു കോടി മാത്രം, വിദേശത്ത് നിന്ന് പണം പിരിക്കാൻ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ


ലഖ്‌നൗ : അയോധ്യയിലെ ധനിപൂരിൽ പുതിയ പള്ളി നിർമിക്കുന്നതിനായി സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍റെ (ഐഐസിഎഫ്) കീഴിലുള്ള നാല് സമിതികൾ പിരിച്ചുവിട്ടു. വിദേശ സംഭാവനകൾക്കായി ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ടിന്‍റെ (എഫ്‌സിആർഎ) അംഗീകാരം നേടുന്നതിനായാണ് ഈ നടപടി സ്വീകരിച്ചത്.

അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, ഡെവലപ്‌മെന്‍റ് കമ്മിറ്റി – മസ്‌ജിദ് മുഹമ്മദ് ബിൻ അബ്‌ദുല്ല, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി എന്നിവയാണ് പിരിച്ചുവിട്ട സമിതികൾ. ഇതിലൂടെ എഫ്‌സിആർഎയുടെ അനുമതി ഉൾപ്പെടെയുള്ള മസ്‌ജിദ് നിർമാണത്തിനായി വിദേശത്ത് നിന്ന് ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയ വേഗത്തിലാക്കും.

വ്യാഴാഴ്‌ച (സെപ്‌റ്റംബർ 19) ചേർന്ന ഐഐസിഎഫ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനമെന്ന് ഫൗണ്ടേഷൻ ചീഫ് ട്രസ്‌റ്റിയും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനുമായ സുഫർ ഫാറൂഖി പറഞ്ഞു. മികച്ച ഏകോപനം സ്ഥാപിക്കുമെന്നും വിദേശ സംഭാവനയ്ക്ക് കീഴിൽ ആവശ്യമായ അനുമതികൾ നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യോഗം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ പള്ളിക്കായി 5 ഏക്കർ സ്ഥലം അനുവദിച്ച് കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. വിദേശത്ത് നിന്ന് പണം പിരിക്കാൻ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സുഫർ ഫാറൂഖി വ്യക്തമാക്കി.

ഐഐസിഎഫ് സെക്രട്ടറി അത്തർ ഹുസൈൻ പറയുന്നതനുസരിച്ച് ബാബരി മസ്‌ജിദ് തർക്കത്തെ തുടർന്ന് 1992 ഡിസംബർ 6നാണ് പള്ളി പണിയാൻ സ്ഥലം അനുവദിച്ചത്. ട്രസ്‌റ്റ് ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ വിശദാംശങ്ങളും മാർച്ചിൽ കേന്ദ്ര സർക്കാരിന് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ബാബരി മസ്‌ജിദ് തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം 2019 നവംബർ 9നാണ് പുറത്തിറങ്ങിയത്. രാമക്ഷേത്രം പണിയാൻ ഭൂമി ട്രസ്‌റ്റിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. യുപി സുന്നി സെൻട്രൽ വഖഫ് ബോർഡിന് മസ്‌ജിദ് നിർമ്മിക്കാൻ 5 ഏക്കർ ഭൂമി കൂടി നൽകാനും കോടതി സർക്കാരിനോട് നിർദേശിച്ചു.

അതേസമയം അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാകുകയും, 2024 ജനുവരി 22ന് രാംലാലയുടെ പ്രാൺപ്രതിഷ്‌ഠ നടക്കുകയും ചെയ്‌തു. എന്നാൽ ഫണ്ടിൻ്റെ അഭാവം മൂലം മസ്‌ജിദ് നിർമ്മാണം ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല.


Read Previous

ലെബനനിൽ പാസ്‌പോർട്ട് നഷ്‌ടപ്പെട്ടു; 23 വര്‍ഷങ്ങള്‍ക്ക് സ്വദേശത്തേക്ക് മടക്കം, ഗുർതേജ് സിങ്ങിനിത് പുതുജീവന്‍

Read Next

ചരിത്ര നേട്ടം കൈവരിച്ച പ്രായമേറിയ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »