ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം; പ്രത്യേക സംഘം രൂപീകരിച്ചു; എസ്പിക്ക് ചുമതല


തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷമാണ് നടക്കുക. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ഇന്നലെ രാത്രിയാണ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കിയത്. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചരിക്കുന്ന ഓഡിയോ സന്ദേശ ത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാര്‍ ഉടമകളുമായി എന്നല്ല, എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാറല്ല ഈ സര്‍ക്കാര്‍. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താന്‍ ചിന്തിക്കുകയായിരുന്നുവെന്നയായിരുന്നു രാജേഷിന്റെ പ്രതികരണം.


Read Previous

ബാങ്ക് എംഡിക്കെതിരെ വനിതാ മാനേജര്‍ നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി, യോഗത്തില്‍ വായിച്ചു; വിവാദം

Read Next

17കാരന്റെ ആഢംബര കാറിടിച്ച് 2 ഐടി ജീവനക്കാ‌ർ കൊല്ലപ്പെട്ട സംഭവം: മുത്തച്ഛൻ അറസ്റ്റിൽ, നടപടി ഡ്രൈവറുടെ പരാതിയിൽ; ഡ്രൈവറുടെ ഫോൺ ബലമായി പിടിച്ചുവയ്ക്കുകയും കുറ്റം ഏൽക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »