ബിസിസിഐയുടെ 125 കോടി സമ്മാനത്തുക, കളിക്കാത്ത സഞ്ജുവിനും ലോട്ടറി; തുക വീതിയ്‌ക്കുന്നത് ഇങ്ങനെ


മുംബൈ : ഐസിസി കിരീടത്തിനായി ഒരു ദശാബ്‌ദത്തിലേറെയായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പാണ് ടി20 ലോകകപ്പോടെ അവസാനിച്ചത്. ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൊരുതി ഏഴ് റണ്‍സിന്‍റെ ജയം നേടി ലോകചാമ്പ്യ ന്മാരായതിന് പിന്നാലെ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണ ചടങ്ങില്‍ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി ആ തുക ടീമിന് കൈമാറുകയും ചെയ്‌തു.

ഇതിന് പിന്നാലെ ആരാധകര്‍ക്കുണ്ടായ പ്രധാന സംശയമാണ് ടീം അംഗങ്ങള്‍ എങ്ങനെ യാകും ഈ തുക പങ്കിട്ടെടുക്കുമെന്നത്. ഇതിനുള്ള ഉത്തരമായിരിക്കുകയാണ് ഇപ്പോള്‍. ബിസിസിഐ അനുവദിച്ച 125 കോടി ടീം അംഗങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കും സെലക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്നവര്‍ക്കുമാണ് വീതിച്ച് നല്‍കുന്നത്.

അതായാത്, ഈ 125 കോടിയില്‍ നിന്നും അഞ്ച് കോടി വീതം ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടായിരുന്ന 15 താരങ്ങള്‍ക്കും ലഭിക്കും. പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാതി രുന്ന സഞ്ജുവിനും യശസ്വി ജയ്‌സ്വാളിനും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ഈ തുകയാണ് ലഭിക്കുക. മുഖ്യ പരിശീലകൻ രാഹുല്‍ ദ്രാവിഡിന് 2.5 കോടി ലഭിക്കും.

ദ്രാവിഡിന് പുറമെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിങ് കോച്ച് ടി ദീലീപ്, ബൗളിങ് കോച്ച് പരസ് മാംബ്രെ തുടങ്ങിയ കോച്ചിങ് സ്റ്റാഫിലെ മറ്റ് പ്രധാനികള്‍ക്കും ഈ തുകയാണ് ലഭിക്കുക. സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ ഉള്‍പ്പെടുന്ന ഫിസിയോ തെറാപ്പിസ്റ്റകളായ കമലേഷ് ജെയിൻ, യോഗേഷ് പർമർ, തുളസി റാം യുവരാജ്, ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളായ രാഘവേന്ദ്ര ഡിവിജി, നുവാൻ ഉദേനെകെ, ദയാനന്ദ് ഗരാനി, മസാജര്‍മാര്‍മാരായ രാജീവ് കുമാർ, അരുൺ കാനഡെ, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായ സോഹം ദേശായി എന്നിവര്‍ക്ക് സമ്മാനത്തുകയില്‍ നിന്നും രണ്ട് കോടി ലഭിക്കും.

ടീം സെലക്ഷൻ നടത്തിയ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ക്കും ഒരു കോടി വീതമാണ് സമ്മാനത്തുകയില്‍ നിന്നും ലഭിക്കുന്നത്. റിസര്‍വ് താരങ്ങളായിരുന്ന ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കും ഓരോ കോടി വീതം ലഭിക്കും. ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫിസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും തുകയില്‍ നിന്നുള്ള ഒരുഭാഗം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.


Read Previous

ഊണിലും ഉറക്കത്തിലും ഫോൺ തോണ്ടല്‍’; ഫോൺ അഡിക്ഷൻ മറികടക്കാന്‍ ഇതാ 10 വഴികൾ

Read Next

സൗദിയിൽ നിക്ഷേപകർക്ക് വളരെ അനുകൂല സാഹചര്യം: എം എ യുസഫലി, റിയാദ് ലബാൻ സ്ക്വയറിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »