ഗെല്‍സൻക്വെഷൻ (ജര്‍മ്മനി): യുവേഫ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ജയിച്ചുകയറി ഇംഗ്ലണ്ട്. സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് പട അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്‌ഹാമും അധിക സമയത്ത് ഹാരി കെയ്‌നും നേടിയ ഗോളുകളാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ വിധിയെഴുതിയത്.

മത്സരത്തിന്‍റെ 25-ാം മിനിറ്റില്‍ ഇവാൻ ഷ്രാൻസിലൂടെയാണ് സ്ലൊവാക്യ ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഈ ലീഡ് നിലനിര്‍ത്താൻ അവര്‍ക്കായി. എന്നാല്‍, ഇഞ്ചുറി ടൈമില്‍ മാലാഖയെപ്പോലെ അവതരിച്ച ബെല്ലിങ്‌ഹാം ഇംഗ്ലണ്ടിന് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു.
95-ാം മിനിറ്റില്‍ ഒരു അത്യുഗ്രൻ ബൈസിക്കിള്‍ കിക്കിലൂടെയാണ് ജൂഡ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. ഇതോടെ, മത്സരം 1-1 എന്ന നിലയിലായി. പിന്നീട് എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഹാരി കെയ്‌ൻ ഇംഗ്ലീഷ് പടയുടെ വിജയഗോള്‍ കണ്ടെത്തി.
ജയത്തോടെ മുന്നേറിയ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് സ്വിറ്റ്‌സ ര്‍ലൻഡാണ്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയ്‌ക്ക് മടക്ക ടിക്കറ്റ് നല്‍കി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ജൂലൈ ആറിനാണ് ഈ മത്സരം.