
ദോഹ: ഖത്തറുമായി വമ്പൻ ഡീലുറപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാടാണ് ഇരു നേതാക്കളും ധാരണയായത്. ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ഡോണാള്‍ഡ് ട്രംപും ഖത്തർ അമീറും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണത്തിനും ധാരണയായിട്ടുണ്ട്.
ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ഖത്തർ – അമേരിക്ക ബോയിങ് ഡീൽ യഥാർഥ്യമായി. ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേഴ്സാണ് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സിഇഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്. 200 ബില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് 160 ബോയിങ് വിമാനങ്ങളാണ് ഖത്തർ എയർവേയ്സ് വാങ്ങുന്നത്. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണി തെന്ന് ട്രംപ് പറഞ്ഞു. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാറും അമേരിക്ക ഒപ്പിട്ടു.
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേല്‍പ്പോടെയാണ് രാജ്യം സ്വീകരിച്ചത്. 22 വർഷത്തിനുശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് സന്ദർശനത്തിനായി ഖത്തറിലെത്തുന്നത്. ജോർജ് ഡബ്ല്യു ബുഷിന്റെ 2003ലെ സന്ദർശനത്തിനുശേഷം ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റ് ദോഹയിലെത്തുന്നത്.
സൗദി തലസ്ഥാനമായ റിയാദിൽ നടന്ന യുഎസ്, ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ, ഈ മേഖലയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ പ്രതിബദ്ധതയും പങ്കാളിത്തവും ട്രംപ് വ്യക്തമാക്കിയിരുന്നു. സിറിയയ്ക്കെതിരായ ഉപരോധം പിൻവലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷം ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് സിറിയൻ പ്രധാനമന്ത്രി അഹമ്മദ് അൽ-ഷറയെയും കാണുകയുണ്ടായി.