
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതക്ക് ആധാരമായ സൂറത്ത് കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയെ കലാപക്കുറ്റത്തിന് രണ്ടു വർഷം തടവിന് ശിക്ഷിച്ചു.
മുതിർന്ന ബി.ജെ.പി നേതാവും ഇട്ടാവയിൽ നിന്നുള്ള ലോക്സഭാംഗവുമായ രാം ശങ്കർ കത്തേരിയയെയാണ് ആഗ്രയിലെ എം.പി/എം.എൽ.എമാർക്കുള്ള പ്രത്യേക കോടതി 12 വർഷം പഴക്കമുള്ള കേസിൽ ശിക്ഷിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ബി.ജെ.പി നേതാവിന്റെ ലോക്സഭാംഗത്വം നഷ്ടമാകും.
സുപ്രീംകോടതി വിധി വന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ അയോഗ്യത പിൻവലിക്കാത്ത വിവാദങ്ങൾക്കിടയിലാണ് ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവിന് എം.പി സ്ഥാനം പോകുന്ന സാഹചര്യം സംജാതമായിരിക്കുന്നത്.
2011 നവംബർ 16ന് കത്തേരിയ ആഗ്ര എം.പിയായിരിക്കെ 15ഓളം അനുയായികളുമായി വൈദ്യുതി വിതരണക്കാരായ ‘ടോറന്റ് പവർ’ കമ്പനിയിലേക്ക് ഇരച്ചുകയറി അക്രമമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമം 147ാം വകുപ്പ് പ്രകാരം കലാപത്തിനും 323ാം വകുപ്പ് പ്രകാരം പരിക്കേൽപിച്ചതിനുമാണ് യു.പി പൊലീസ് കേസെടുത്തിരുന്നത്.