തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ അങ്കലാപ്പാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം. കരുണാകരന്റെ കുടുംബത്തിന് ഒരു പ്രത്യേകതയുണ്ടെന്നും വീട്ടില്‍ എത്തുന്നവര്‍ ശത്രുക്കളാണെങ്കിലും മാന്യമായിട്ടേ പെരുമാറുളളൂവെന്നും മുരളീധരന്‍ വ്യക്തമാക്കി. ‘

‘വീട്ടില്‍ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല. ചില വീടുകളില്‍ ഗെറ്റ് ഔട്ട് അടിച്ചല്ലോ. കെ. കരുണാകരന്റെ കെയറോഫില്‍ പത്ത് വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ട. മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകും. രണ്ട് പേര്‍ക്കാണ് കേരളത്തില്‍ സമനില തെറ്റിയത്. ഒന്ന് ബിജെപിക്ക്, രണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്ക്’- കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ സുരേഷ് ഗോപിയും പ്രതികരണവുമായി എത്തി. താന്‍ അവിടെ പോയി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നുമാണ് അദേഹം പറഞ്ഞത്. യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികള്‍ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും തന്റെ വിജയം.
കെ. കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നും അദേഹത്തിന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയ ത്തിന് അതീതമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്‍ ജനകീയ നേതാവായിരുന്നു. അദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കണോയെന്ന് തന്റെ നേതാക്കള്‍ പറയട്ടെ. പാര്‍ട്ടി നേതൃത്വം അനുവദിച്ചാല്‍ സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.