എം.എം മണിയെ നിയന്ത്രിക്കാനോ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാനോ സിപിഎം തയ്യാറാവണം: വി.ഡി സതീശന്‍


പത്തനംതിട്ട: ഡീന്‍ കുര്യക്കോസിനെതിരെ എം.എം മണി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാന്യന്‍മാരെ ചീത്ത വിളിക്കാന്‍ അവരുടെ വീടിന് മുന്നിലേക്ക് കള്ളും നല്‍കി ആളെ വിടുന്നത് പോലെയാണ് എം.എം മണിയെ സിപിഎം വിട്ടതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ഇ.പി ജയരാജന്റെയും അറിവോടെയാണ് എം.എം മണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെയും യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെയും അധിക്ഷേപിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്തും പറയാന്‍ മടിക്കാത്ത ആളാണ് എം.എം മണി. മണിയെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാനോ സിപിഎം തയ്യാറാവണം. പി.ജെ കുര്യനെപ്പോലുള്ള രാഷ്ട്രീയ നേതാവിനെ നിലവാരം കുറഞ്ഞ വര്‍ത്തമാനം പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. അതിനെതിരെ ശക്തിയായി പ്രതിഷേധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

ആര്‍എസ്എസ് നേതാക്കളുമായി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയ ആളാണ് പിണറായി വിജയന്‍. ചര്‍ച്ചയ്ക്ക് ഇടനിലക്കാരനായിരുന്ന ശ്രീ എമ്മിന് നാലേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. 1977 ല്‍ ആദ്യമായി പിണറായി വിജയന്‍ എംഎല്‍എ ആയതും ആര്‍എസ്എസ് പിന്തുണയിലാണ്. എല്ലാ കാലവും ആര്‍എസ്എസുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് പിണറായി വിജയന്‍.

ആ ബന്ധം ഇപ്പോള്‍ ഊട്ടിയുറപ്പിക്കുകയാണ്. ഇവര്‍ തമ്മിലുള്ള ബാന്ധവമാണ് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. സിപിഎമ്മും ബിജെപിയും ഒന്നിച്ചു നിന്നാലും യുഡിഎഫ് അവരെ തോല്‍പിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നും തൃശൂരിലും വടകരയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസിനെ എന്തുവില കൊടുത്തും തോല്‍പ്പിക്കുമെന്നുമാണ് സുരേന്ദ്രന്‍ വാശിയോടെ പറഞ്ഞത്.

സിപിഎമ്മിനെ ജയിപ്പിക്കാന്‍ ബിജെപിയും ബിജെപിയുടെ ചില സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ സിപിഎമ്മും ഇറങ്ങിയിരിക്കുകയാണ്. ഈ അവിശുദ്ധ ബാന്ധവത്തിന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചുട്ട മറുപടി നല്‍കും.

വിശ്വാനാഥ മേനോനും അല്‍ഫോന്‍സ് കണ്ണന്താനവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത് പിണറായി പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ്. ആദ്യമായി ഏറ്റവും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോയതും സിപിഎമ്മില്‍ നിന്നാണെന്നും സതീശന്‍ പറഞ്ഞു.


Read Previous

തമിഴ്നാട്ടിലെ ആളുകൾ ബോംബ് സ്ഥാപിക്കുന്നു, കേരളത്തിൽ നിന്നുള്ളവർ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു’; വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജേ; മന്തിക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും എംകെ സ്റ്റാലിൻ

Read Next

കരുണാകരന്റെ കെയറോഫില്‍ പത്ത് വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ട’; സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ അങ്കലാപ്പെന്ന് കെ. മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular