ബിജെപിക്ക് ഉത്തരേന്ത്യയില്‍ 80-95 സീറ്റുകളെങ്കിലും നഷ്ടപ്പെടും; ആകെ ലഭിക്കുക 200-220 സീറ്റുകള്‍’; ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ബിജെപി എത്തുമെന്നും നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തരേന്ത്യയില്‍ കുറഞ്ഞത് 80-95 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.

ബിജെപിക്ക് ആകെ 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ. എന്‍ഡിഎ മുന്നണിക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ദി വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി.

ബിജെപി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോഡിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോക ചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു പരകാല പ്രഭാകറിന്റെ മറുപടി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് പിറ്റേന്ന് തന്നെ കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്ന് പ്രഭാകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നരേന്ദ്ര മോഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ലഡാക്ക്-മണിപ്പൂര്‍ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടലെടുക്കുമെന്നും അദേഹം പറഞ്ഞിരുന്നു.

ബിജെപിക്കുള്ളിലെ അധികാര കേന്ദ്രീകരണത്തെയും വിമത ശബ്ദങ്ങളെ അടിച്ച മര്‍ത്തുന്നതിനെയും വിമര്‍ശിച്ച അദേഹം ജനാധിപത്യ സമൂഹത്തില്‍ ഇത്തരം തന്ത്രങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. സാമ്പത്തിക ദുരുപയോഗം, വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, സാമൂഹിക ധ്രുവീകരണം എന്നിവ ഉള്‍പ്പെടെ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടതായി താന്‍ വിശ്വസിക്കുന്ന നിരവധി മേഖലകള്‍ പ്രഭാകര്‍ എടുത്തു പറഞ്ഞു.

കര്‍ഷകര്‍, യുവജനങ്ങള്‍, ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അതൃപ്തി ഭരണ കക്ഷിക്കെതിരെയുള്ള തിരിച്ചടിയുടെ സൂചകങ്ങളാണ്. സ്വത്വ രാഷ്ട്രീയത്തില്‍ ബിജെപി ഊന്നല്‍ നല്‍കു ന്നത് സാമ്പത്തിക വെല്ലുവിളികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ബിജെപി എത്തുമെന്നും പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടു.


Read Previous

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

Read Next

ഐ സി. എഫ്- ആർ. എസ്. സി ദമ്മാം സെന്ട്രല്‍ ഹജ്ജ് വളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »