ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇത്തവണ അധികാരത്തിലെത്താന്‍ തീരെ സാധ്യതയില്ലെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍.

അഥവാ വീണ്ടും ബിജെപി അധികാരത്തിലെത്തിയാല്‍ ഇത് നമ്മള്‍ കാണുന്ന അവസാന പൊതുതെരഞ്ഞെടുപ്പാകുമെന്നും ഒരു മലയാള ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ പുടിന്റെ റഷ്യയിലേയും ഷി ജിന്‍ പിങിന്റെ ചൈനയിലേയും പോലെയായിരിക്കും. 99 ശതമാനം വോട്ടര്‍മാരും ഭരണകൂടത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന അവസ്ഥ. ഭരണഘടനയുടെ അവസാനവും അതോടെ നമ്മള്‍ കാണും. മറ്റൊന്ന് ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനമായിരിക്കും.
തുടക്കത്തില്‍ ന്യൂനപക്ഷങ്ങളോട് ഇവിടെ ജിവിക്കാമെന്നും എന്നാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് വിധേയരായിരിക്കണമെന്നും ആവശ്യപ്പെടും. കുറച്ചു കഴിയു മ്പോള്‍ അവരോട് രാജ്യം വിട്ടുപോകാന്‍ തന്നെ പറയും. മോഡി മൂന്നാം വട്ടവും അധികാരം പിടിച്ചാല്‍ പിന്നീടുണ്ടാവുന്ന ഇന്ത്യയെ നമുക്ക് തിരിച്ചറിയാന്‍ തന്നെയാവില്ല.
ബിജെപിയുടെ ഭൂരിപക്ഷം 370 സീറ്റുകള്‍ കടക്കുമെന്നത് അവര്‍ വിദഗ്ധമായി നടത്തുന്ന പ്രചാരണമാണെന്ന് ഡോ. പരകാല പ്രഭാകര്‍ പറഞ്ഞു. ബിജെപി ഭൂരിപക്ഷം നേടു മോയെന്ന തരത്തിലുള്ള ചര്‍ച്ചയെ മറച്ചു വെക്കാനാണിത്. ബിജെപി അത്തരമൊരു പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തവണ 220-230 സീറ്റുകളില്‍ കൂടുതല്‍ നേടാന്‍ ബിജെപിക്ക് കഴിയില്ല എന്നാണ് താന്‍ കരുതുന്നതെന്നും അദേഹം വ്യക്തമാക്കി.