
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ bjp 370 സീറ്റും എൻഡിഎ 400 സീറ്റും നേടുമെന്നു പ്രധാനമന്ത്രിസ്ഥിരമായി പറയുന്നതിനിടെ ബിജെപി വമ്പന്‍ തോൽവി ഏറ്റുവാങ്ങുമെന്ന പ്രവചനവുമായി മല്ലികാർജുൻ ഖർഗെ.
ബിജെപിയുടെ 400 സീറ്റ് നേടുകയെന്ന പദ്ധതി നടക്കാൻ പോകുന്നില്ലെന്നാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഖർഗെ പറഞ്ഞത്. 100 സീറ്റു പോലും നേടാനാകാതെ ബിജെപി അധികാരത്തിൽ നിന്നും പുറത്തുപോകുമെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രവചിച്ചു.
‘‘നിരവധി തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചമണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാൽ ഇവിടെ ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണ്. കോൺഗ്രസിന്റെ കാലത്ത് അമേഠിയിൽ കോടികളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും പൂർത്തിയായിരുന്നില്ല. എന്തുകൊണ്ടാണ് ആ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാത്തതെന്ന് ബിജെപിയോടു ചോദിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമേഠിയിലും റായ്ബറേലിയിലും പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല’’ – മല്ലികാർജുൻ ഖർഗെ പറഞ്ഞു.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾക്കു ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഖർഗെ പറഞ്ഞു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനമായി ജോലിയെടുത്ത മണ്ണാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്ര അമേഠിയിൽ പ്രവേശിച്ചപ്പോൾ തന്നെ നാലുദിവസത്തെ മണ്ഡല പര്യടനത്തിനായി സ്മൃതി ഇറാനി അമേഠിയിൽ എത്തിയിരുന്നു. രാഹുലിനെ അമേഠിയിൽ മൽസരിക്കാൻ വെല്ലുവിളിച്ചായിരുന്നു സ്മൃതി മാധ്യമങ്ങളെ കണ്ടത്