കിഫ്ബി റോഡുകളിൽ ടോൾ പിരിച്ചാൽ തടയും; ശക്തമായ പ്രക്ഷോഭമെന്ന് കോൺഗ്രസ്; മുന്നണിയിൽ ചർച്ച ചെയ്‌തെന്ന് എൽഡിഎഫ്, അന്തിമ തീരുമാനം ആയിട്ടില്ല: എം വി ഗോവിന്ദന്‍


തിരുവനന്തപുരം: കിഫ്ബിയുടെ ഫണ്ടില്‍ നിര്‍മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍പിരിവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയി ലേക്ക് പിടിക്കുന്നതിനു പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ടോള്‍ പിരിച്ചാല്‍ അത് തടയുമെന്നും സുധാകരന്‍ പറഞ്ഞു.

ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. ടോള്‍ രഹിത റോഡുകളെന്നായി രുന്നു ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിലെ ജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും കരാറുകള്‍ പലതും നല്‍കിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും കെ സുധാകരന്‍ ആരോപിച്ചു.

ടോളിനെതിരെ ജനകീയ പ്രക്ഷോഭം: വിഡി സതീശന്‍

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകള്‍. ഇതെല്ലാം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണ്. ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്മെന്റും ധൂര്‍ത്തും വരുത്തിവച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയില്‍ ചുമത്താന്‍ ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.

കിഫ്ബി ശാപമായി മാറുന്നു: ചെന്നിത്തല

കിഫ്ബി ശാപമായി മാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടോള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. കിഫ്ബി ഒരു വെള്ളാനയാണെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. റോഡില്‍ ടോള്‍ പിരിക്കുന്നതിന് പകരം, വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി ചര്‍ച്ച ചെയ്തു: ടിപി രാമകൃഷ്ണന്‍

കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ വേണം. കിഫ്ബിയുടെ വായ്പകളെല്ലാം സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ കേന്ദ്രം പെടുത്തിയത് തിരിച്ചടിയായതോടെയാണ് കിഫ്ബിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തേടിയത്. 50 കോടിക്ക് മുകളിലുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് ടോള്‍ ഏര്‍പ്പെടുത്തുക, ഷോപ്പിങ് കോംപ്ലക്‌സുകളില്‍ നിന്ന് പലിശ സഹിതം പണം തിരികെപിടിക്കുന്ന സ്‌കീമുകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ പരിഗണനയില്‍ ഉള്ളത്. വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അന്തിമ തീരുമാനം ആയിട്ടില്ല: എം വി ഗോവിന്ദന്‍

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന് കിട്ടേണ്ട നികുതി കേന്ദ്രം ജിഎസ്ടി ഇനത്തില്‍ കൊണ്ടുപോകുന്നു. നമുക്കൊന്നും പുതുതായിട്ട് ഉണ്ടാക്കാന്‍ സാധിക്കില്ല. വികസനങ്ങള്‍ ക്കായി കിഫ്ബി കടംവാങ്ങി പദ്ധതി ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുകയാണ്. കേന്ദ്രം സാമ്പത്തി കമായി ഞെരുക്കുമ്പോള്‍ ധന സമാഹരണത്തിനായി വഴികള്‍ ആലോചിക്കേണ്ടതുണ്ട്. അതി ന്റെ ഭാഗമായി എന്തൊക്കെ ചെയ്യണമെന്ന് കിഫ്ബിയുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

സൗദി സ്കൂളുകളിൽ പ്രവാസികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കി

Read Next

റമദാന് മുൻപ് പരിശോധന ശക്തം; ജിദ്ദയിൽ സമൂസ ഫാക്ടറി അടപ്പിച്ചു, 2.7 ടൺ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »