
ബോളിവുഡില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് ആലിയ ഭട്ട്. നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയവും വിവാഹവും മകള്‍ റാഹയുടെ ജനനവുമെല്ലാം ആലിയ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളിലൊന്നായ ഗുച്ചിയുടെ അംബാസിഡറാകുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രനേട്ടവും ആലിയ സ്വന്തമാക്കിയിരുന്നു.
അടുത്തിടെ മെറ്റ് ഗാലയിലും തന്റെ വ്യത്യസ്തമായ ലുക്കിലൂടെ ആലിയ ആരാധകരെ കൈയിലെടുത്തു. ഇത്തവണ മെറ്റ് ഗാലയില്‍ പ്രശസ്ത ഡിസൈന്‍ സബ്യസാചി ഒരുക്കിയ സാരിയിലാണ് ആലിയ തിളങ്ങി നിന്നത്. 23 അടി നീളമുള്ള ട്രെയ്‌നോടു കൂടിയ മിന്റ് ഗ്രീന്‍ നിറത്തിലുള്ള ഫ്‌ളോറല്‍ ഹാന്റ്ക്രാഫ്റ്റഡ് സാരിയില്‍ അതിസുന്ദരിയായിരുന്നു ആലിയ.
ഇപ്പോഴിതാ അമ്മയുടെ ഉത്തരവാദിത്തങ്ങളും ജോലിത്തിരക്കുകളും ഒരുമിച്ചുകൊണ്ടു പോകുന്നതിനെ കുറിച്ചും മകള്‍ റാഹയെ കുറിച്ചുമെല്ലാം മനസ് തുറയ്ക്കുകയാണ് ബോളിവുഡ് സുന്ദരി. 23-ാം വയസ് മുതല്‍ തുടങ്ങിയതാണ് തന്റെ ജോലിയെന്നും അന്ന് മുതല്‍ വീടുവിട്ട് നില്‍ക്കുകയാണ് താനെന്നും ആലിയ പറയുന്നു. അക്കാലങ്ങളില്‍ ഷൂട്ടിങ് ഷെഡ്യൂളുകളുടെ തിരക്കിലായിരിക്കും. താന്‍ ഏത് നഗരത്തിലാണ് ഷൂട്ടിങ്ങുള്ളതെന്ന് പോലും അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നും അമ്മയോടൊപ്പം സമയം ചെലവഴിക്കാത്തതില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെന്നും ആലിയ പറയുന്നു.ആ കാലഘട്ടം തന്റെ ജീവിതത്തിലും അമ്മയുമായുള്ള ബന്ധത്തിലും നിര്‍ണായകമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ മകള്‍ റാഹയ്ക്കും ഈ കുറ്റബോധം ഒരിക്കലും ഉണ്ടാകരുതെന്നും അതിനാല്‍ റാഹയെ 23-ാം വയസിലൊന്നും വീടുവിട്ടുപോകാൻ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലണ്ടനില്‍ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. എനിക്ക് മൂന്ന് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ നല്ല മകള്‍ ആയിരുന്നില്ല എന്നതില്‍ എനിക്ക് കുറ്റബോധം തോന്നി.’- അമ്മ സോണി റാസ്ദാനൊപ്പം ‘ദി നോഡ്’ എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആലിയ പറയുന്നു.
മാനസികാരോഗ്യം നിലനിര്‍ത്താന്‍ എപ്പോഴും പരിശ്രമിക്കുന്ന വ്യക്തിയാണ് ആലിയയെന്ന് സോണി റാസ്ദാന്‍ പറയുന്നു. എന്നാല്‍ തന്റെ ഫോണ്‍കോള്‍ എടുക്കാന്‍ പറ്റാതെ വരികയോ, കുടുംബാംഗങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റാതെ വരികയോ ചെയ്താല്‍ ആലിയ വളരേയധികം ഉത്കണ്ഠപ്പെടുമെന്നും സോണി വ്യക്തമാക്കുന്നു.
എന്റെ സ്വകാര്യതെ മാനിച്ച്, എനിക്ക് എല്ലാവിധ പിന്തുണയും തന്ന അമ്മയെ ഞാന്‍ ഒരുപാട് അഭിനന്ദിക്കുന്നു. സാധാരണയായി ഞാന്‍ ഭാവികാലം കൂടി പരിഗണിച്ച് തീരുമാനമെടുക്കുന്ന വ്യക്തിയാണ്. എന്നാല്‍ റാഹയുടെ കാര്യത്തില്‍ മാത്രം അങ്ങനെയല്ല. ഓരോ ദിവസവും എങ്ങനെയാണോ വരുന്നത് അതുപോലെ എടുക്കുന്നു. ഒരു പ്ലാനിങ്ങും നടത്താറില്ല. റാഹയെ വീഴാന്‍ അനുവദിച്ചില്ലെങ്കില്‍ അത് അവളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കുമെന്നും സ്വയം എങ്ങനെയാണ് മുന്നോട്ടുപോകണമെന്ന് റാഹ ഒരിക്കലും പഠിക്കില്ലെന്നും അടുത്തിടെ പപ്പ എന്നോട് പറഞ്ഞു.’ ആലിയ വ്യക്തമാക്കുന്നു.
പലപ്പോഴും ആലിയയുടെ അമ്മ എന്നതിലുപരി മാനേജറെപ്പോലെയാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്ന് സോണിയും പറയുന്നു. ‘ആലലിയുടെ അമ്മ എന്നതിനേക്കാള്‍ മാനേജറാണെന്ന തോന്നലുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട്. പല ദിവസങ്ങളിലും രാവിലെ കോഫി കുടിക്കുമ്പോഴുള്ള അഞ്ച് മിനിറ്റാണ് ആലിയ എന്നോടൊപ്പം സമയം ചെലവഴിച്ചിരുന്നത്. എന്നിരുന്നാലും മകളുടെ നേട്ടത്തില്‍ അഭിമാനം മാത്രമാണുള്ളത്. അവളുടെ സ്വകാര്യതയില്‍ ഒരിക്കലും ഇടപെടാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.’- സോണി കൂട്ടിച്ചേര്‍ക്കുന്നു.