
റിയാദ്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച തീരുമാനം സി.പി.എം ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ ആരോപിച്ചു. സി.പി.എം- ബി.ജെ.പി സംയുക്ത മദ്യനിര്‍മാണ കമ്പനിയാണ് പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്നത്. ഇതിന്റെ ഉടമക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥുമായി അടുത്ത ബന്ധമുണ്ട്. റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ പാലക്കാടന്‍ തേരില്‍ സംബന്ധിക്കാനെത്തിയ സന്ദീപ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്
നേരത്തെ ബി.ജെ.പി സഖ്യകക്ഷിയായ അകാലിദളിന്റെ എം.എല്‍.എയാണ് ഈ ഓയാസിസ് ബ്ലുബറീസിന്റെ ഉടമ. വാട്ടര്‍ പൊല്യൂഷന്‍ അടക്കം പല ക്രമക്കേടുകളില്‍ ഈ കമ്പനിക്കെതിരെ ഇ.ഡി അന്വേഷണം നടത്തുന്നുമുണ്ട്. ഈ കമ്പനി പാലക്കാട്ട് കൊണ്ടുവരുന്നതിന് പിന്നില്‍ ഉന്നത ഗുഡാലോചന നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചിരുന്നു. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ഈ കമ്പനിക്ക് പാലക്കാട് അനുമതി നല്‍കിയതിന്റെ പിന്നിലെ ഗൂഡാലോചന പുറത്തുവരണം. കൊക്കൊക്കോളയും പെപ്‌സിയും കെട്ടുകെട്ടിയ പാലക്കാട്ട് ജല ചൂഷണത്തിന് അന്വേഷണം നേരിടുന്ന ഒരു കമ്പനിക്ക് എങ്ങനെയാണ് അംഗീകാരം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിന്റെ പിന്നിലെ അജണ്ടയെന്താണ്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തും. നെയ്യാറ്റിന്‍കരയിലെ സമാധി വിഷയത്തില്‍ ഒരാള്‍ മരിച്ചാല്‍ രാജ്യത്തിന്റെ നിയമനടപടികള്‍ക്ക് വിധേയമാകണം. അല്ലെങ്കില്‍ പോലീസിലും മറ്റും പരാതികളെത്തും. അതിന്റെ പേരില്‍ മതത്തെയും ജാതിയെയും കൂട്ടുപിടിക്കരുത്. മരണം വിശ്വാസത്തിന്റെ പേരില്‍ മറച്ചുവെക്കുന്നത് നല്ല രീതിയല്ല. അക്കാര്യം അന്വേഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നത് ശരിയല്ലന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
ഒരു പദവിയും മോഹിച്ചല്ല കോണ്‍ഗ്രസിലെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയതിനെ സിപി എമ്മുകാര്‍ പോലും സ്വാഗതം ചെയ്തതാണ്. തന്റെ കാഴ്ച്ചപ്പാടുകൾ രൂപീകരിച്ച നഗരമാണ് റിയാദ് എന്നും ഇവിടെ വീണ്ടും എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു 20 വര്‍ഷം മുമ്പ് താന്‍ പ്രവാസിയായി ജോലി ചെയ്ത നഗരമാണ് റിയാദ്. ബത്ഹയിലും മറ്റു പ്രദേശങ്ങളിലും കാര്യമായ മാറ്റങ്ങളൊന്നും പ്രകടമായില്ല. അന്നത്തെ ഒരുപാട് സുഹൃത്തുക്കളെ നേരില്‍ കണ്ടു. ഒട്ടേറെ സന്തോഷിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായി അനുഭവങ്ങൾ ഇവിടെ ഉണ്ടായിരുന്നു. 21 മുതൽ 26 വയസു വരെ ജീവിച്ച നഗരമാണ് റിയാദ് സന്ദീപ് വാര്യർ ഓര്‍ത്തെടുത്ത് പറഞ്ഞു
വാര്‍ത്താസമ്മേളനത്തില്‍ ഫൈസല്‍ ബാഹസന്‍, ശിഹാബ് കരിമ്പാറ, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, മൊയ്ദു മണ്ണാര്‍ക്കാട് എന്നിവര്‍ സംബന്ധിച്ചു.