ലണ്ടൻ: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേർക്ക് ബ്രിട്ടനിൽ വച്ചുണ്ടായ ആക്രമണ ശ്രമത്തിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഖലിസ്ഥാൻ വിഘടനവാദികളാണ് ബ്രിട്ടൻ സന്ദർശനത്തിനായി എത്തിയ ജയശങ്കറിനു നേർക്ക് അക്രമിക്കാനായി പാഞ്ഞടുത്തത്. വിഷയത്തിൽ യുകെ അവരുടെ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി.

‘വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയിൽ സുരക്ഷാ ലംഘനം നടത്തിയതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. വിഘടനവാദികളും തീവ്രവാദികളുമടങ്ങിയ ഒരു ചെറിയ സംഘത്തിന്റെ പ്രകോപനപര മായ പ്രവർത്തനങ്ങളെ അപലപിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗമാണ് അവിടെ നടന്നത്. ഇതിനെയും മന്ത്രാലയം അപലപിക്കുന്നു. ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നു’- മന്ത്രാലയം ഇറക്കിയ വിയോജന കുറിപ്പിൽ പറയുന്നു.
ലണ്ടനിലെ ചതം ഹൗസിൽ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് എസ് ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമമുണ്ടായത്. കാറിൽ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖാലിസ്ഥാൻ വിഘട നവാദികൾ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാരിലൊരാൾ ജയശങ്കറുടെ വാഹനത്തിന് അടുത്തേക്ക് പാഞ്ഞ ടുക്കുകയും ഇന്ത്യൻ പതാക വലിച്ചു കീറുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്.