അതിർത്തിയിൽ പാകിസ്ഥാൻ പിടികൂടിയ ബിഎസ്‌എഫ് ‌ജവാനെ ഇന്ത്യക്ക് കൈമാറി


ന്യൂഡൽഹി: പാകിസ്ഥാൻ പിടികൂടിയ ബിഎസ്‌എഫ് ജവാൻ പൂർണം കുമാ‌ർ ഷായെ (40) ഇന്ത്യക്ക് കൈമാറി. കഴിഞ്ഞ മാസം അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നതിനെത്തുടർന്ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് പിടികൂടിയ ഷായെ ഇന്ന് അട്ടാരി അതിർത്തിയിൽവച്ചാണ് ഇന്ത്യക്ക് കൈമാറിയത്.

‘2025 ഏപ്രിൽ 23 മുതൽ പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ബിഎസ്‌എഫ് ജവാൻ പൂർണം കുമാർ ഷായെ അമൃത്‌സർ അട്ടാരിയിലെ അതിർത്തിയിൽവച്ച് ഇന്ത്യക്ക് കൈമാറി. പ്രോട്ടോക്കോളുകൾ അനുസരിച്ച് സമാധാനപരമായിരുന്നു കൈമാറ്റം’- ബിഎസ്‌എഫ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് പഞ്ചാബിലെ ഫിറോസ്പൂരിൽ നിയമിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ അതിർത്തി കടന്നത്. ജമ്മു കാശ്മീർ മുതൽ ഗുജറാത്തുവരെയുള്ള 3323 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ബിഎസ്‌എഫ് ജവാന്മാർ ആണ് കാവൽ നിൽക്കുന്നത്. പട്രോളിംഗിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥർ അബദ്ധത്തിൽ അതിർത്തി കടക്കുന്നത് സാധാരണമാണ്.

ഇങ്ങനെ സംഭവിക്കുമ്പോൾ സാധാരണയായി ഫ്ലാഗ് മീറ്റിംഗ് വഴിയാണ് ഇത് പരിഹരിക്കുന്നത്. അതിർത്തിയിലെ സംഘർഷാവസ്ഥ കാരണം, ഷായുടെ മോചനത്തിനായി അത്തരമൊരു യോഗം നടത്തണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനകളോട് പാകിസ്ഥാൻ പ്രതികരിച്ചിരുന്നില്ല. പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശിയാണ് പൂർണം കുമാർ ഷാ. ജവാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭിണിയായ ഭാര്യ രജനി കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർത്ഥിച്ചിരുന്നു. ബിഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ഒരു സംഘം ഷായുടെ വീട് സന്ദർശിക്കുകയും മോചനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.


Read Previous

‘അവൻ എങ്ങനെയാണ് ഈ സ്റ്റേറ്റ്‌മെന്റ് പറഞ്ഞതെന്ന് അറിയില്ല, ഇവർക്കൊന്നും ഇതിന്റെ സീരിയസ്‌നെസ് അറിയില്ല’

Read Next

ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച ഉടനില്ല’; വാര്‍ത്ത തെറ്റെന്ന് സൈനിക വൃത്തങ്ങള്‍, കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »